FeaturedHome-bannerKeralaNews

അവിവാഹിതയായ യുവതിയെയും ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊല ചെയ്ത ശേഷം മുങ്ങി; അഞ്ചല്‍ കൊലക്കേസില്‍ രണ്ട് പ്രതികള്‍ 19 വര്‍ഷത്തിനുശേഷം പിടിയില്‍

കൊല്ലം: അവിവാഹിതയായ യുവതിയെയും രണ്ടുപെണ്‍കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വേഷവും രൂപവും തൊഴിലും മാറി ഒളിവുജീവിതം. വ്യാജ പേരുകളില്‍, വ്യാജ വിലാസത്തില്‍, വിവാഹം കഴിച്ച് കുട്ടികളുമായി സുഖവാസം. സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ഇരുവരും സൈന്യത്തെയും പൊലീസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞത് ഒന്നല്ല, 19 വര്‍ഷമാണ്. കൊല്ലം അഞ്ചലിലാണ് യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പോണ്ടിച്ചേരിയില്‍ നിന്ന് സിബിഐ പിടികൂടിയത്.

അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ, അവിവാഹിതയായ രഞ്ജിനി എന്ന യുവതിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. ഈ കേസില്‍ സൈനികരായ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംസ്ഥാന പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു.പത്താന്‍കോട്ട് യൂണിറ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

2012 ല്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 2006 മുതല്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈന്യത്തിലേക്ക് ഇവര്‍ തിരികെ പോയില്ല. ഇരുവരും രാജ്യത്തിന് പുറത്തേക്ക് പോയി എന്ന ധാരണയിലാണ് അന്വേഷണം തുടര്‍ന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തിയതാണ് വഴിത്തിരിവായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുന്നത്. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. ഈ വിവാഹത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. അവിടെവെച്ചാണ് സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും

കഥയിങ്ങനെ:

ദിബില്‍കുമാറിന് രഞ്ജിനിയില്‍ 2 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. പക്ഷേ ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ദിബില്‍ കുമാറിനെതിരെ രഞ്ജിനിയും കുടുംബവും പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകള്‍ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ദിബില്‍കുമാറും രാജേഷും അവിടെയെത്തി 3 പേരെയും കൊലപ്പെടുത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും യുവതിയെയും കഴുത്തറത്താണ് കൊലപ്പെടുത്തിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2006 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുവരും അവധിയിലായിരുവെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇരുവരെയും കുറിച്ച് പൊലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ആദ്യം 50000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പിന്നീടത് രണ്ട് ലക്ഷമാക്കി. കഴിഞ്ഞ 5 വര്‍ഷമായി ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker