ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ച രീതി അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അമിത് ഷാ പറഞ്ഞു. ചൊവ്വാഴ്ച രാജ്യസഭയില്‍ നടത്തിയ വിവാദ അംബേദ്കര്‍ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷാ വാര്‍ത്താസമ്മേളനം വിളിച്ച് വിശീദകരണം നല്‍കിയത്.
കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സംവരണ വിരുദ്ധവുമാണെന്ന് അമിത് ഷാ പറഞ്ഞു. മരണത്തിന് മുമ്പും ശേഷവും കോണ്‍ഗ്രസ് എങ്ങനെയാണ് അംബേദ്കറോട് പെരുമാറിയെന്നത് എല്ലാവര്‍ക്കുമറിയാം.’എനിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പറയാനുള്ളത് –
ഡോ. ബിആര്‍ അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമൂഹ വിഭാഗത്തില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. അതിനാല്‍, ഈ ദുഷിച്ച പ്രചാരണത്തെ നിങ്ങള്‍ പിന്തുണയ്ക്കരുത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദ്ദം കാരണം നിങ്ങള്‍ ഇത്തരമൊരു പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് നിരാശയുണ്ട്’- അമിത് ഷാ പറഞ്ഞു
രാജ്യസഭയില്‍ താന്‍ നടത്തിയ പ്രസംഗം വ്യക്തവും ഒരു ആശയകുഴപ്പത്തിനും വകനല്‍കാത്തതായിരുന്നു. സഭാ രേഖകളില്‍ അതുണ്ട് – അമിത് ഷാ പറഞ്ഞു. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും ഒരു ചര്‍ച്ച നടന്നു. കഴിഞ്ഞ 75 വര്‍ഷത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി.
പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും വ്യത്യസ്തമായ ആശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാട് എല്ലായ്പ്പോഴും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രീതി അപലപനീയമാണ് അമിത് ഷാ പറഞ്ഞു.