കോഴിക്കോട്: സ്വകാര്യസ്ഥാപനത്തിനായി പ്രമോഷന്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വടകര സ്വദേശി ആല്‍വിന്‍ (20) മരിച്ചത് തലയ്ക്ക് പിന്നിലേറ്റ ക്ഷതംമൂലം. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇതിനൊപ്പം വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കൂടാതെ, ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും പോസ്റ്റംമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചു, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു, മനപ്പൂര്‍വം അല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഇതിനൊപ്പം അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പും നടപടി സ്വീകരിച്ചിരുന്നു. വാഹനങ്ങളോടിച്ച സാബിത്തിന്റെയും റയീസിന്റെയും ലൈസന്‍സ് അടുത്തദിവസം തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് കോഴിക്കോട്-പുതിയാപ്പ കടല്‍ത്തീരറോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള സ്പീഡ് ബ്രേക്കറിലായിരുന്നു അപകടം. തൊണ്ടയാടുള്ള ട്രിപ്പിള്‍ നയന്‍ ഓട്ടോമോട്ടീവ് എന്ന കാര്‍ ആക്‌സസറീസ്-പോളിഷിങ്-ഡീറ്റെയിലിങ് സ്ഥാപനത്തിനുവേണ്ടി വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍. ഈ സ്ഥാപനത്തിനുവേണ്ടി സോഷ്യല്‍മീഡിയ കൈകാര്യംചെയ്യുന്ന ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ആല്‍വിന്‍ ആറുമാസംമുന്‍പ് ജോലി വിട്ടിരുന്നു. കഴിഞ്ഞദിവസം സ്ഥാപനവുമായി വീണ്ടും ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഷൂട്ടിങ് തീരുമാനിച്ചത്.
രണ്ട് ആഡംബരകാറുകള്‍ വേഗത്തില്‍ ഓടിവരുന്നത് റോഡിന്റെ നടുവില്‍നിന്ന് മൊബൈലില്‍ ചിത്രീകരിക്കാനാണ് ആല്‍വിനെ നിയോഗിച്ചത്. കാറുകളിലൊന്നിടിച്ച് ആല്‍വിന്‍ ആകാശത്തേക്കുയര്‍ന്നാണ് റോഡിലേക്കുവീണത്. മരണം സ്ഥിരീകരിച്ചതോടെ കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറുകള്‍ ഓടിച്ച സ്ഥാപനമുടമ മഞ്ചേരി സ്വദേശി സാബിത്ത് കല്ലിങ്ങലിനെയും മുഹമ്മദ് റൈസിനെയും കസ്റ്റഡിയിലെടുത്തു. വൃക്കമാറ്റിവെച്ച ആല്‍വിന്‍ അടുത്തിടെ ജോലിയന്വേഷിച്ച് വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍പ്പോയിരുന്നു.