ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്.
കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുക്കും. വാഹനം നൽകിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. വാടകയായ 1000 രൂപ വിദ്യാർത്ഥിയായ ഗൗരിശങ്കർ വാഹന ഉടമ ഷാമിൽഖാന് ഗൂഗിൾ പേ ചെയ്ത് നൽകിയതായി വ്യക്തമായിട്ടുണ്ട്. പൊലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാടക വാങ്ങിയല്ല കാർ നൽകിയതെന്നായിരുന്നു ഷാമിൽ ഖാന്റെ ആദ്യമൊഴി.
വാഹന ഉടമ ഷാമിൽ ഖാന് റെൻ്റ് ക്യാബ് ലൈസൻസ് ഇല്ലെന്നും വാഹനത്തിൻ്റെ ആർസി ബുക്ക് ക്യാൻസൽ ചെയ്യുമെന്നും ആലപ്പുഴ ആർടിഒ അറിയിച്ചു. ഷാമിൽഖാൻ്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കർ മൊഴി നൽകിയിരുന്നു. അതിനിടെ വിദ്യാർത്ഥികൾ വണ്ടാനത്തെ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു നിറച്ച ശേഷമാണ് കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാൻ ഇവർ പോകുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളുകയാണ് ഷാമിൽ ഖാൻ.
വാഹനം നൽകിയത് റെന്റിനല്ലെന്ന് ആവർത്തിക്കുകയായിരുന്നു ഷാമിൽ ഖാൻ.1000 രൂപ ക്യാഷ് ആയി നൽകിയത് ആണ് ഗൂഗിൾ പേ വഴി തിരിച്ചു വാങ്ങിയത്. അപകട ശേഷം ലൈസൻസ് അയച്ചു വാങ്ങിയത് തെളിവിനായാണെന്നും വാഹനം വാങ്ങുമ്പോൾ ലൈസൻസ് കാണിച്ചു തരികയായിരുന്നുവെന്നും ഷാമിൽ ഖാൻ പറഞ്ഞു. തന്റെ കയ്യിൽ നിന്ന് വാഹനം വാങ്ങിയത് മുഹമ്മദ് ജബ്ബാർ ആണ്. പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല. കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 രൂപ വിദ്യാർത്ഥികൾ വാങ്ങുകയായിരുന്നു. ഈ പണം വാങ്ങിയത് നേരിട്ട് ആണ്. ഈ പണം യുപിഐ വഴിയാണ് വിദ്യാർത്ഥികൾ തിരികെ നൽകിയത്. വാഹനം പണ്ട് വാടകയ്ക്ക് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ കൊടുക്കാറില്ല. ലൈസൻസ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലൈസൻസ് അയച്ചു വാങ്ങിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു.