KeralaNews

ഹണി റോസ് അന്നത് ചെയ്‌തിരുന്നെങ്കില്‍ ബഹുമാനം കൂടിയേനെ; എല്ലിന്‍ കഷ്‌ണം കിട്ടിയവർ കുരയ്ക്കും: അഖില്‍ മാരാർ

കൊച്ചി:ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ബോബിക്കെതിരെ നടപടി എടുത്ത കേരള പോലീസിനെ അഖിൽ മാരാർ അഭിനന്ദിക്കുകയും ചെയ്‌തു. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനമാണ് അഖിൽ മാരാർ ഉന്നയിച്ചത്.

ബോബി ചെമ്മണ്ണൂർ ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്ന വ്യക്തിയാണെന്നും നേരത്തെയും താൻ ഇയാൾക്ക് എതിരെ പ്രതികരിച്ചിട്ടുണ്ടെന്നും അഖിൽ മാരാർ പറയുന്നു. പല ബിസിനസുകാരെയും നാം കേരളത്തിൽ കണ്ടിട്ടുണ്ടെങ്കിലും ജനങ്ങളെ ഏതൊക്കെ രീതിയിൽ പറ്റിച്ചു തന്റെ കാര്യം നേടിയെടുക്കാമെന്നുള്ള ചിന്തയുള്ള ഒരേയൊരാൾ ബോബി ചെമ്മണ്ണൂർ ആണെന്നും അഖിൽ മാരാർ ആഞ്ഞടിച്ചു.

‘കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു വീഡിയോ ചെയ്യുന്നത്. കേരളത്തിൽ ഇപ്പോൾ കത്തി നിൽക്കുന്ന വിഷയമാണല്ലോ ബോബി ചെമ്മണ്ണൂർ-ഹണി റോസ് വിഷയം. ഈ ബോബി ചെമ്മണ്ണൂർ എന്ന് പറയുന്ന കക്ഷിയെ കാണുന്ന കാഴ്‌ചയിൽ ചെവിക്കല്ല് ഒന്ന് അടിച്ചുപൊട്ടിക്കണം എന്ന് തോന്നിയിട്ടുള്ള തരം പ്രവർത്തികളാണ് അയാൾ എല്ലാ രീതിയിലും ചെയ്‌തിട്ടുള്ളത്, കാണിച്ചിട്ടുള്ളത്.’ അഖിൽ മാരാർ വീഡിയോയിൽ പറയുന്നു.

‘കേരളത്തിൽ നാം പല ബിസിനസുകാരെയും കണ്ടിട്ടുണ്ട്. പക്ഷേ ബിസിനസുകാരിൽ ഏതൊക്കെ രീതിയിൽ ജനത്തെ പറ്റിച്ച് സ്വന്തം കാര്യം നേടിയെടുക്കാം എന്ന് കരുതുന്നത് ഇയാളാണ്. അതിൽ ഏറ്റവും വലിയ തട്ടിപ്പായി ഒരുപക്ഷേ മലയാളികൾ മുഴുവൻ പോയി വീണത് ചാരിറ്റി തട്ടിപ്പ് എന്ന് പറയുന്ന കാര്യത്തിലായിരിക്കും’ അഖിൽ ചൂണ്ടിക്കാട്ടി.

‘ഹണി റോസിനെ അപമാനിച്ച വിഷയത്തിൽ ഇപ്പോഴാണോ മറുപടി പറയുന്നത് എന്ന് നിങ്ങൾ ചോദിക്കും. ഞാൻ മുൻപ് ബിഗ് ബോസ് കഴിഞ്ഞ സമയത്ത് ഏഷ്യാനെറ്റിന്റെ ഷൂട്ടിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ഞാറയ്ക്കലുള്ള ഷാപ്പുണ്ട്, അവിടെ അയാൾ തുണി അഴിച്ചാടി കൊറേ ബഹളങ്ങൾ ഒക്കെയുണ്ടാക്കിയത് നിങ്ങൾ എല്ലാവരും കണ്ടതായിരിക്കും’ ബിഗ് ബോസ് താരം തുടർന്നു.

‘അന്ന് ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ഇപ്പോൾ നിർത്തിയില്ലേൽ ഫോൺ വലിച്ചു എറിയുമെന്ന് എനിക്ക് പറയേണ്ടി വന്നിരുന്നു. അന്ന് ഏഷ്യാനെറ്റ് നമ്മുടെ പരിപാടിയുടെ സ്പോൺസർ ആണെന്ന് പറഞ്ഞപ്പോൾ നമ്മുടെ അല്ല നിങ്ങളുടെ എന്ന് ധൈര്യപൂർവം പറഞ്ഞയാളാണ് ഞാൻ’ അഖിൽ പറഞ്ഞു.

ഇത് കേവലമൊരു ഹണി റോസിനെ ആക്ഷേപിച്ചു എന്നുള്ളത് മാത്രമല്ലെന്നും അഖിൽ മാരാർ പറയുന്നു. പൊതുവെ സ്ത്രീകളെ അപമാനിക്കുന്ന ഒരു കോമളിക്ക് കിട്ടിയ അടിയായിട്ടാണ് ഇപ്പോൾ പോലീസ് എടുത്ത നടപടിയെ ഞാൻ നോക്കി കാണുന്നത്. അതുകൊണ്ട് പ്രത്യേക അഭിനന്ദങ്ങൾ കേരള പോലീസിനും, ഇത്തരം അപമാനങ്ങൾ സഹിക്കേണ്ട എന്ന് തീരുമാനിച്ച ഹണി റോസിനും ഞാൻ അഭിനന്ദങ്ങൾ അറിയിക്കുകയാണ്; അഖിൽ മാരാർ കൂട്ടിച്ചേർത്തു.

ഒരുപക്ഷേ അന്ന് വേദിയിൽ വച്ച് ഹണി റോസ് ബോബി ചെമ്മണ്ണൂരിന്റെ മോന്തയ്ക്ക് ഒന്ന് പൊട്ടിച്ചിട്ട് കേസ് കൊടുത്തെങ്കിൽ ബഹുമാനം കൂടിയേനെ എന്നും അഖിൽ മാരാർ വീഡിയോക്ക് താഴെ പങ്കുവച്ച ക്യാപ്‌ഷനിൽ പറയുന്നു. അതിനിടെ അഖിൽ മാരാർ ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു കമന്റും വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്.

ബോചെ എന്ന ഫ്രോഡിന്റെ നന്മയെ കുറിച്ച് ചിലരുടെ പറച്ചിൽ കേൾക്കുമ്പോൾ നാടോടിക്കറ്റ് സിനിമയിലെ കരമന ചെയ്‌ത കഥാപാത്രം ഓർമ വരും.. കഞ്ചാവും മയക്കു മരുന്നും വിറ്റിട്ട് അനാഥകുട്ടികളെ സംരക്ഷിക്കുന്ന കാര്യം പറഞ്ഞു ആശ്വാസം കണ്ടെത്തും…ഇൻസ്‌റ്റഗ്രാമിൽ ഫോളോവഴ്‌സിനെ കിട്ടാൻ ഒരു താർ ജീപ്പ് ഇവൻ വെറുതെ കൊടുത്തു.. എന്ത് നന്മയാണ് അതിന്റെ പിന്നിൽ; അഖിൽ ചോദിക്കുന്നു.

ദാവൂദ് ഇബ്രാഹിം പോലും മുംബയിലെ കോളനികളെ ദത്തു എടുത്തു നോക്കിയിരുന്നു..ബിരിയാണി തിന്നിട്ട് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്‌ണം കിട്ടിയ പട്ടികൾ തനിക്കു വേണ്ടി കുരയ്ക്കും എന്ന് ബോചെയ്ക്ക് അറിയാം; അഖിൽ മാരാർ ആഞ്ഞടിച്ചു.

കഴിഞ്ഞ ദിവസമാണ് തുടർച്ചയായ അശ്ലീല അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാത്ത വകുപ്പുകളാണ് ബോബിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് ചുമത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker