KeralaNews

കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; വധു ഡോക്ടറാണ്, സേവ് ദ ഡേറ്റ് വൈറൽ

കണ്ണൂർ:സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമയാണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹ വാർത്ത ആകാശ് തില്ലങ്കേരി അറിയിച്ചത്. മെയ് 12നാണ് വിവാഹം. ഇരുവരുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കാപ്പാ ചുമത്തി ജയിലിൽ അടയ്ക്കുമെന്ന പോലീസ് ഭീഷണി നിലനിൽക്കെയാണ് വിവാഹം. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.

മെയ് 12 ന് വധൂഗൃഹത്തിൽ വെച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയയിലുടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂർ ജില്ലക്കാരി തന്നെയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയിൽ ഉടൻ വിചാരണ തുടങ്ങിയേക്കും. സിപിഎം നേതാവ് പി ജയരാജന്റെ ആരാധകരിൽ ഒരാളും സോഷ്യൽ മീഡിയയിലെ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡി.വൈ.എഫ്.ഐയുമായി അകൽച്ചയിലാണ്.

പാർട്ടിയെയും ഡി.വൈ.എഫ്.ഐ സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വെറുതെ വിടുകയായിരുന്നു.

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു എടയന്നൂർ ശുഹൈബിന്റെത്. ഇതോടെയാണ് ആകാശ് തില്ലങ്കേരിയെ പുറം ലോകം അറിയുന്നത്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആകാശ് തില്ലങ്കേരി പിന്നീട് തന്റെ ബന്ധങ്ങൾ വിപുലീകരിക്കുകയും സിപിഎമ്മിന് തലവേദനയാവുകയുമായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker