കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു. കേസ് എടുക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അതെ സമയം ആത്മഹത്യാ പ്രേരണ കുറ്റം കാണിച്ച് സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുമാണ് കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് സഹോദരൻ കെ. പ്രവീൺ ബാബു ഡി.െഎ.ജി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ബന്ധുക്കളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് പോകും. അതേസമയം തന്നെ സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെയാണു പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ എ.ഡി.എമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവർ ഷംസുദ്ദീൻ ഉൾപ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും. യാത്രയയപ്പ് യോഗത്തിൽ സന്നിഹിതനാവുകയും ദിവ്യയുടെ അവഹേളനത്തിന് സാക്ഷിയാവുകയും ചെയ്ത കളക്ടറുടെയും മൊഴി എടുക്കേണ്ടിവരും.
ഇതിനിടെ പത്തനംതിട്ട സി പി എം ഘടകവും പ്രതിഷേധത്തിലാണ് എന്ന വാർത്തയാണ് ഇന്നലെ പുറത്ത് വന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പും കൂടി അടുത്തതോടെ മുഖം രക്ഷിക്കാനെങ്കിലും ദിവ്യക്കെതിരെ നടപടി എടുക്കേണ്ട അവസ്ഥയിലാണ് സി പി എം.