ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ഡബ്ബിങ് കലാകാരൻ കൂടിയായ അദ്ദേഹത്തിന്റെ മരണം മകൻ മഹാദേവൻ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
1964-1974 കാലയളവിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു ഡൽഹി ഗണേഷ്. കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലൂടെയാണ് ഡൽഹി ഗണേഷ് സിനിമാരംഗത്തേക്ക് കാലെടുത്തുവെച്ചത്. തുടർന്ന് 400-ഓളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. സിന്ധു ഭൈരവി (1985), നായകൻ (1987), അപൂർവ സഹോദരർകൾ (1989), മാക്കേൽ മദന കാമ രാജൻ (1990), ആഹാ (1997), തെനാലി (2000) എന്നിവ ശ്രദ്ധേയമായചിത്രങ്ങളാണ്. ഇന്ത്യൻ 2വിലാണ് ഒടുവിൽ വേഷമിട്ടത്.
തമിഴിന് പുറമേ മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിട്ടുണ്ട് അദ്ദേഹം. ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ദൽഹി ഗണേഷിന്റെ മലയാളചിത്രങ്ങൾ. തെലുങ്കിൽ ജൈത്ര യാത്ര, പുണ്ണമി നാഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ ദസ്, അജബ് പ്രേം കി ഗസബ് കഹാനി, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
മഴലൈ പട്ടാളം എന്ന ചിത്രത്തിൽ കന്നഡ നടൻ വിഷ്ണു വർധന് ശബ്ദം നൽകിയത് ഡൽഹി ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദമായത് ഡൽഹി ഗണേഷായിരുന്നു.
1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ഗണേഷ് സ്വന്തമാക്കി.