KeralaNews

അപകടത്തിന് കാരണം ബെൻസ് കാർ, എംവിഡി കണ്ടെത്തി, കർശന നടപടി; ഡ്രൈവർമാരുടെ ലൈസൻസ് പോകും

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുമ്പോൾ ആൽവിന്‍ എന്ന യുവാവിന്‍റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. രണ്ടു വാഹങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. ഈ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. അന്വേഷണത്തിന് ശേഷം വാഹനങ്ങളുടെ ആർ സി യും സസ്പെൻ‍ഡ് ചെയ്യാൻ ആലോചനയുണ്ടെന്ന് എം വി ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള  വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരന്നു അപകടമുണ്ടായത്.

ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട്  ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം സംഭവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker