77 വർഷം പഴക്കമുള്ള കേക്ക് കഷ്ണം വിറ്റത് 2.5 ലക്ഷത്തോളം രൂപയ്ക്ക് ; കാരണമായത് എലിസബത്ത് രാജ്ഞി
ലണ്ടൻ : കഴിഞ്ഞദിവസം സ്കോട്ട്ലാൻഡിൽ ഏറെ അപൂർവതകൾ ഉള്ള ഒരു പുരാവസ്തുവിന്റെ വിൽപ്പന നടന്നു. 2.36 ലക്ഷം രൂപയ്ക്ക് നടന്ന ആ വില്പന ഒരു കഷ്ണം കേക്കിന്റെതായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? അതെ ഒരു ചെറിയ കഷണം കേക്ക് ആണ് ഈ വലിയ തുകയ്ക്ക് വിറ്റു പോയത്. അതും ഒരു സാധാരണ കേക്ക് അല്ല, 77 വർഷങ്ങൾ പഴക്കമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ഒരു കേക്ക് കഷ്ണം ആയിരുന്നു അത്.
ഇത്രയേറെ പഴക്കമുള്ള ആ കേക്ക് കഷ്ണം ഇപ്പോൾ വലിയൊരു തുകയ്ക്ക് വിറ്റു പോകാൻ കാരണം എലിസബത്ത് രാജ്ഞിയാണ്. രാജ്ഞിയുടെ വിവാഹത്തിന് വിളമ്പിയ കേക്കിന്റെ ഒരു ഭാഗമായിരുന്നു അത് എന്നുള്ളതായിരുന്നു അതിന്റെ പ്രത്യേകത. 1947 നവംബർ 20-ന് യുകെയിലെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരൻ്റെയും വിവാഹത്തിൽ വിളമ്പിയ കേക്കിന്റെ ഒരു കഷ്ണം ആണ് കഴിഞ്ഞദിവസം ലേലം ചെയ്തത്.
200 കിലോ കേക്ക് ആയിരുന്നു എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിനായി തയ്യാറാക്കിയിരുന്നത്. അന്നത്തെ ആ ചടങ്ങിൽ ബാക്കി വന്ന ഒരു കഷ്ണം കേക്ക് ആണ് രാജ്ഞിയുടെ വെള്ളി ചിഹ്നം പതിച്ച ഒരു ചെറിയ പെട്ടിയിൽ 8 പതിറ്റാണ്ടോളം ആയി സൂക്ഷിച്ചിരുന്നത്. വിവാഹ സമ്മാനമായി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് എഡിൻബർഗിലെ ഹോളിറൂഡ് ഹൗസിലെ വീട്ടുജോലിക്കാരിയായ മരിയോൺ പോൾസണിന് അയച്ചു നൽകിയ ആ കേക്ക് കഷ്ണമാണ് ഇപ്പോൾ 2800 ഡോളറിന് ലേലം ചെയ്തിരിക്കുന്നത്.