KeralaNews

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ പരിശോധനയിൽ സഹകരിച്ചെങ്കിലും ഷാനിമോള്‍ സഹകരിച്ചില്ല. ഇതിൽ അന്വേഷണം വേണമെന്നും റഹീം ആവശ്യപ്പെട്ടു. വ്യാജ ഐ ഡി കാർഡ് കേസിലെ പ്രതി ഫെനിയാണ് കള്ളപ്പണം എത്തിച്ചതെന്ന് ബിജെപി ആരോപിച്ചു. ഹോട്ടൽ സിസിടിവി പരിശോധിക്കണം എന്ന് പൊലീസിനോട് പറഞ്ഞു.

അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധന സിപിഎം – ബിജെപി ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെയാണ് പരിശോധന നടത്തിയത്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും.  കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് സംഘർഷമുണ്ടായി. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി.

ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവ‍ർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker