വടകര: വാഹനാപകടത്തില്‍ വയോധിക മരിക്കുകയും ഒന്‍പതു വയസ്സുകാരി അബോധാവസ്ഥയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നീക്കം നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതി എത്തുമെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു.
പ്രതി സ്വന്തം നിലയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ നോട്ടിസ് ഉള്‍പ്പെടെ പുറപ്പെടുവിക്കും. ഷെജീലിന്റെ ഭാര്യയെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ നിയമവശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയില്‍ ചോറോട് മേല്‍പാലത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് കണ്ണൂര്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചത്. ഗുരുതര പരുക്കേറ്റ പേരക്കുട്ടി തൃഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്.
പത്ത് മാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളജിന് അടുത്തായി വാടക വീട്ടിലേക്കാണ് കുട്ടിയെ മാറ്റുക. തുടര്‍ ചികിത്സകള്‍ ആവശ്യമായതിനാലാണ് ആശുപത്രിക്ക് അടുത്തു തന്നെ താമസിക്കേണ്ടത്. കണ്ണൂര്‍ മേലേ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് തൃഷാന.
ഷെജീലും കുടുംബവും സഞ്ചരിച്ച കാര്‍ ഇരുവരെയും ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീടു കാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. കാര്‍ കണ്ടെത്തി ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കി തൃഷാനയ്ക്കു വിദഗ്ധ ചികിത്സ സാധ്യമാക്കണമെന്നു പല ഘട്ടങ്ങളിലായി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ജില്ലാ ജഡ്ജിയും നിര്‍ദേശിച്ചിരുന്നു. 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചുശേഷമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തില്‍ ആദ്യം അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.
തുടര്‍ന്ന് കോടതിയുടെ ഉള്‍പ്പെടെ ഇടപെടല്‍ ഉണ്ടായ ശേഷമാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല. 40 കിലോമീറ്റര്‍ ചുറ്റളവില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അപകടം നടന്ന ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു,
ഓരോ വീട്ടിലും പൊലീസ് എത്തി. ഒടുവില്‍ ഷെജീലിന്റെ കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം വാങ്ങിയെന്ന് കണ്ടെത്തിയതാണ് തുമ്പായത്. ഷെജീലും കുടുംബവും സഞ്ചരിച്ച കാര്‍ ബേബിയേയും തൃഷാനയേയും ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.