KeralaNews

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി; പരിഷ്‌കരണത്തിനെതിരെ വമ്പന്‍ പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം. ഇന്നും മുടങ്ങി കിടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ തുടങ്ങാനായില്ല. വിവിധ ജില്ലകളിലാണ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇതോടെ ലൈസന്‍സ് ടെസ്റ്റുകള്‍ തടസപ്പെടുകയും ചെയ്തു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്.

തിരുവനന്തപുരം മുട്ടത്തറയില്‍ പന്തല്‍ കെട്ടിയാണ് പ്രതിഷേധിക്കുന്നത്. ഇവര്‍ ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും അടക്കം സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.

എന്തുവന്നാലും ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. അതേസമയം പഴയ രീതിയില്‍ തന്നെ ടെസ്റ്റ് നടത്തണമെന്ന് ടെസ്റ്റിന് എത്തിയവരും ആവശ്യപ്പെട്ടു. ചിലര്‍ ടെസ്റ്റില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞു.

കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിച്ചത്‌. എറണാകുളത്തും പ്രതിഷേധമുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകാര്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു. കോഴിക്കോട് കുന്ദമംഗലത്ത് ഡ്രൈവിംഗ് ടെസ്റ്റ് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടയുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി പോവുകയായിരുന്നു.

തൃശൂരിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തൃശൂര്‍ അത്താണിയിലെ ഗ്രൗണ്ടില്‍ ആരും ടെസ്റ്റിനായി എത്തുക പോലും ചെയ്തില്ല. ഇവിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. ആദ്യ സര്‍ക്കുലറിനേക്കാള്‍ അശാസ്ത്രീയമായ സര്‍ക്കുലര്‍ ആണ് രണ്ടാമത് ഇറക്കിയതെന്ന് ഉടമകള്‍ പറയുന്നു.

ടെസ്റ്റ് കാറുകളില്‍ ഡ്യുവല്‍ സംവിധാനം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഉടമകള്‍ പറഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് നിലവാരമില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. കായംകുളത്തും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ഗ്രൗണ്ട് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ടെസ്റ്റിന് വന്നവര്‍ക്ക് അകത്ത് കടക്കാനായില്ല.

മാവേലിക്കരയിലും ടെസ്റ്റുകളും നടന്നില്ല. ഡ്രൈവിംഗ് സ്‌കൂളുകാരില്‍ ഒരു വിഭാഗം ഇവിടെ ടെസ്റ്റില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് പിന്‍മാറി. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയായ കെഎംഡിഎസ് അറിയിച്ചിരുന്നു.

ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സമീപിക്കുമെന്നും, പുതിയ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കെഎംഡിഎസ് അറിയിച്ചു. ഭൂരിപക്ഷം ഡ്രൈവിംഗ് സ്‌കൂളുകളും കെഎംഡിഎസ്സിന് കീഴിലാണ്. ഡ്രൈവിംഗ് സ്‌കൂളുകള്‍ പുതിയ സാഹചര്യത്തില്‍ നടത്തികൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഇവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button