FeaturedHome-bannerKeralaNews

സംസ്ഥാനത്ത് പലയിടത്തും ശക്തമായ കടലാക്രമണം, വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം എന്ന് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്. ആലപ്പുഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പടയിടങ്ങളിലും കടൽ കരയിലേക്ക് കയറി എന്നും റിപ്പോർട്ടുണ്ട്.

അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. പൂത്തുറയിൽ ശക്തമായ കടലാക്രമത്തിൽ വീടുകളിലേക്ക് വെള്ളംകയറി. അഞ്ചുതെങ്ങിൽ ഇന്നലെ രാത്രിയിലും കടലാക്രമണം ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ച് ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു.

തൃശൂർ കൊടുങ്ങല്ലൂർ താലൂക്കിൽ കടലാക്രമണം രൂക്ഷമാണ്. ഇവിടെ പലയിടങ്ങളിലും കടൽ കരയിലേക്ക് കയറിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറി. മൂന്ന്കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അര്‍ദ്ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇന്നലെ പിന്‍വലിച്ചു. പക്ഷേ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button