CrimeKeralaNews

കൊച്ചിയിൽ യുവാവും യുവതിയും ചേർന്ന് 15,000 രൂപ വിലയുള്ള നായ്‌ക്കുട്ടിയെ ഹെൽമറ്റിൽ വച്ച് കടത്തി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളത്ത് ഹെൽമറ്റിനുള്ളിൽ നായ്‌ക്കുട്ടിയെ കടത്തിയ യുവതിയ്ക്കും യുവാവിനുമായി തിരച്ചിൽ. ബൈക്കിലെത്തിയ ഇരുവരും ചേർന്ന് നെട്ടൂരിലുള്ള പെറ്റ് ഷോപ്പിൽ നിന്ന് 15,000 രൂപ വിലയുള്ള നാൽപ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്‌ക്കുട്ടിയെയും വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്‌ക്കുള്ള തീറ്റയും മോഷ്ടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഇരുവരും നായയെ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിൽനിന്ന് നായ്‌ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെൽമറ്റിനുള്ളിൽ വയ്ക്കുകയായിരുന്നു. സ്വിഫ്റ്റ് ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കുട്ടികളിൽ ഒന്നിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയ്ക്ക് വിൽക്കുന്നതിനായി ഇവയെ കടയിൽ എത്തിച്ചതായിരുന്നു.

നായയെയും കൊണ്ട് യുവതിയും യുവാവും കടന്നതിന് പിന്നാലെ നായ്‌ക്കുട്ടിയെ വാങ്ങാൻ ആലപ്പുഴ സ്വദേശി എത്തിയതോടെയാണ് മോഷണവിവരം കടയുടമ അറിയുന്നത്. നായ്‌ക്കുട്ടി ഓടിപ്പോയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കണ്ടെത്താനാകാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.

ഇവർപോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലെ കടയിൽ നിന്ന് തീറ്റ മോഷ്ടിച്ചതായി കണ്ടെത്തുന്നത്. ഇതിന് പിന്നാലെ കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റ് പല സ്ഥലങ്ങളിൽ നിന്നും സമാന സംഭവങ്ങൾ റിപ്പോ‌ർട്ട് ചെയ്തതിനാൽ സ്ഥിരം കുറ്റവാളികളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button