KeralaNews

കസ്റ്റമര്‍ റിവ്യൂ നോക്കി സാധനം വാങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ ഗുണമേന്മയെ കുറിച്ച് അറിയാന്‍ ആശ്രയിക്കുന്ന പ്രധാനമാര്‍ഗമാണ് ഉല്‍പന്നത്തിന്റെ കസ്റ്റമര്‍ റിവ്യൂ. ഒരോ ഉല്‍പന്നത്തെ കുറിച്ചും അത് വാങ്ങിയവര്‍ അതത് വെബ്‌സൈറ്റുകളില്‍ രേഖപ്പെടുത്തുന്ന നല്ലതും മോശമായതുമായ അഭിപ്രായങ്ങളാണ് കസ്റ്റമര്‍ റിവ്യൂ. നല്ല അഭിപ്രായങ്ങള്‍ കൂടുന്നതിനനുസരിച്ച് ഉല്‍പന്നത്തിന്റെ സ്റ്റാര്‍ റേറ്റിങ്ങും കൂടും. അപ്പോള്‍, കൂടുതല്‍ റേറ്റിങ് ഉള്ളത് വാങ്ങുന്നതിന് ആളുകള്‍ മത്സരിക്കും.

എന്നാല്‍, എല്ലാ റിവ്യൂവും ഒര്‍ജിനലല്ല എന്നാണ് നമ്മുടെ പോലീസുകാര്‍ പറയുന്നത്. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓണ്‍ലൈന്‍ വില്പനക്കാര്‍ വ്യാജ കസ്റ്റമര്‍ റിവ്യൂകള്‍ പടച്ചുവിടുന്നതായാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ വിലയിരുത്തല്‍ എന്ന വ്യാജേന, പണം കൊടുത്ത് എഴുതിപ്പിടിപ്പിച്ച റിവ്യൂകളാണ് പലരും തട്ടിപ്പിന് ഉപയോഗിക്കുന്നത് എന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് മുന്‍കരുതലെടുക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലീസ് അഭ്യര്‍ഥിക്കുന്നു:

റിവ്യൂ എഴുതാന്‍ ഫ്രീലാന്‍സ് ജോബ് സൈറ്റുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഉപയോഗിക്കുന്നു.

പോസിറ്റീവ് അവലോകനങ്ങള്‍ക്ക് കാശോ സൗജന്യ ഉല്‍പ്പന്നമോ വാഗ്ദാനം ചെയ്യുന്നു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തിന് ചുവട്ടില്‍ ധാരാളം അവലോകനങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

മോശപ്പെട്ട ഉല്‍പ്പന്നമെന്നറിയാതെ, റിവ്യൂ എഴുതിയാല്‍ ഇത്ര ശതമാനം കുറവ് നല്‍കാമെന്ന ഉറപ്പിന്മേല്‍ സാധനങ്ങള്‍ വാങ്ങി പറ്റിക്കപ്പെടുന്നവരും ഉണ്ട്.

അതിശയിപ്പിക്കുന്ന വിലക്കുറവില്‍ മയങ്ങി വീഴരുത്. ബ്രാന്‍ഡും മോഡലും നല്‍കി സെര്‍ച്ച് ചെയ്താല്‍ പലരുടെ അനുഭവങ്ങളും ഓണ്‍ലൈനില്‍ കാണാന്‍ കഴിയും.

നെഗറ്റീവ് അവലോകനങ്ങള്‍ ഉണ്ടായിരുന്ന ഉല്‍പന്നത്തിന് പെട്ടെന്ന് 5-സ്റ്റാര്‍ റേറ്റിംഗുകള്‍ ഉണ്ടായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ഗുണനിലവാരം ഒറ്റരാത്രികൊണ്ട് മാറിയിട്ടില്ലെന്ന് കണക്കിലെടുത്താല്‍ റിവ്യൂ തട്ടിപ്പിനുള്ള ചാന്‍സ് ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.

റിവ്യൂയിലെ അവിശ്വസനീയമായ അവകാശവാദങ്ങളും വിചിത്രമായ ഫോര്‍മാറ്റിംഗും ഇമെയില്‍ അഡ്ഡ്രസ്സുകളിലെ സംശയാസ്പദമായ അക്ഷരങ്ങളും ശ്രദ്ധിക്കണം.

വ്യാജ ഉപഭോക്തൃ അവലോകനങ്ങള്‍ മിക്കപ്പോഴും ഏറ്റവും മികച്ചതായിരിക്കും. റിവ്യൂനേക്കാളും ഉപരി ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍ വിവരിക്കുന്ന പോലെയായിരിക്കും അത്. അവയിലെ വ്യാകരണവും അക്ഷരവിന്യാസവും പ്രത്യേക രീതിയിലുള്ള പദപ്രയോഗങ്ങളും ശ്രദ്ധിച്ചാല്‍ അപകടം മനസ്സിലാകും.

ഇത്തരം വില്‍പനക്കാരുടെ ഉല്‍പ്പന്നങ്ങളുടെ മുന്‍പുള്ള ഉള്ള റിവ്യൂകളും ശ്രദ്ധിക്കുക.

ഒരു ഉല്‍പ്പന്നത്തിന് ഒട്ടനവധി റിവ്യൂകള്‍ കാണുന്നുണ്ടോ ആ കമ്ബനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 5-സ്റ്റാര്‍ റേറ്റിംഗുകള്‍ മാത്രം നല്‍കുന്നുണ്ടോ

ഒരാള്‍ ഒന്നിലധികം തവണ ഒരു ഉല്‍പ്പന്നം അവലോകനം ചെയ്തിട്ടുണ്ടോ ധാരാളം ഇനങ്ങള്‍ വാങ്ങിയാതായി കാണിച്ച് അവയെല്ലാം അവലോകനം ചെയ്തിട്ടുണ്ടോ എങ്കില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കുന്നതിന് മുന്‍പ്. രണ്ടുതവണ ചിന്തിക്കുക.

വളരെ ഹ്രസ്വമോ വളരെ ദൈര്‍ഘ്യമേറിയതോ ആണോ റിവ്യൂകള്‍ റിവ്യൂ പൂര്‍ണ്ണമായും പോസിറ്റീവ് ആണോ

ആവര്‍ത്തിച്ചുള്ള അവലോകനമാണോ ഉല്‍പ്പന്നത്തിന്റെ മറ്റ് റിവ്യൂകളുടെ അതേ വാക്യങ്ങള്‍ ആണോ കാണുന്നത്

മുന്‍പ് സമാന ഉല്‍പ്പന്നം അവലോകനം ചെയ്തയാള്‍ തന്നെയാണോ എഴുതിയത്.

വ്യാജ ഉപഭോക്തൃ അവലോകനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്‌ബോള്‍, സ്റ്റാര്‍ റേറ്റിംഗിനപ്പുറം പോകേണ്ടതുണ്ട്. റിവ്യൂകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുക.

ചില സൈറ്റുകള്‍ വെരിഫൈഡ് പര്‍ചേസ് റിവ്യൂ കൊടുക്കുന്നുണ്ട്. അത്തരം റിവ്യൂകള്‍ വായിച്ചു നോക്കിയാല്‍ മേന്മകളും ന്യൂനതകളും വ്യക്തമായി മനസ്സിലാക്കാം

ചില സൈറ്റുകള്‍ അവരുടെ വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങള്‍, വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങളുടെ റിവ്യൂവിന്റെ കൂടെ ചേര്‍ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ റിവ്യൂ ഏതു ഉത്പന്നത്തിന്‍േറതാണെന്നു ചെക്ക് ചെയ്യുക.

നിങ്ങളുടെ കാശാണ്. അത് പാഴാകില്ലെന്ന് ഉറപ്പുവരുത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button