ന്യൂഡൽഹി: സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ഡമാസ്കസിലെയും ബയ്റുത്തിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. വാണിജ്യയാത്രാവിമാനങ്ങളിൽ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു. സിറിയയിൽ തുടരുന്ന ഇന്ത്യൻപൗരർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധംപുലർണമെന്നും മന്ത്രാലയം നിർദേശിച്ചു.
അതിനിടെ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതർ, മുഹമ്മദ് അൽ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാർച്ച് ഒന്നുവരെയാണ് അൽ ബഷീറിന്റെ കാലാവധി.
വിമതർക്കു നേതൃത്വം നൽകുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) നിയന്ത്രണത്തിൽ ഇഡ്‌ലിബ് ഭരിക്കുന്ന സാൽവേഷൻ സർക്കാരിൽ പ്രധാനമന്ത്രിയാണ് നാൽപ്പത്തിയൊന്നുകാരനായ അൽ ബഷീർ. എൻജിനിയറായ ഇദ്ദേഹത്തിന് ഇഡ്‌ലിബ് സർവകലാശാലയിൽനിന്ന് ശരിയത്ത് നിയമത്തിൽ ബിരുദമുണ്ട്.