ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ സഫയർ ഹോട്ടൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി.
അടൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ നിന്നുമാണ് വിദ്യാർത്ഥികൾ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കായി എത്തിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയും ഈ വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചത് അടിമാലിയിലെ സഫയർ ഹോട്ടലിൽ നിന്നുമാണ്. ഉച്ചയ്ക്ക് ഹോട്ടൽ ജീവനക്കാർ മൂന്നാറിൽ ഭക്ഷണം എത്തിച്ചു നൽകുകയും വൈകിട്ട് ഇവർ നേരിട്ട് ഹോട്ടലിലെത്തിയുമാണ് ഭക്ഷണം കഴിച്ചത്.
രാത്രിയോടെ വിദ്യാർത്ഥികൾക്ക് ശാരീരിക പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈ ഹോട്ടലിനെതിരെ നേരത്തെയും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് സഫയർ ഹോട്ടലിൽ എത്തി പരിശോധന നടത്തിയ ശേഷം ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയായിരുന്നു.