തിരുവനന്തപുരം:പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തിൽ 4–ാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമയുടെ ആരാധിക. പൊലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെ. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല.
29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു. ഷാരോൺ ഛർദിച്ചതു നീലയും പച്ചയും കലർന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തി. തുരിശ് അടങ്ങിയ കീടനാശിനി എന്ന സംശയത്തിലേക്ക് ഇതു വഴിതെളിച്ചു.തുടർന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാൻ ഇന്നലെ വിളിപ്പിച്ചു. അവർക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു.
ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരുവർഷം മാത്രം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്. അഴകിയമണ്ഡപം മുസ്ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിയായ ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്. അങ്ങനെ കണ്ടുള്ള പരിചയം അടുപ്പവും പ്രണയവുമായി വളർന്നു. അഴകിയമണ്ഡപം കഴിഞ്ഞാണ് നെയ്യൂർ. അഴകിയമണ്ഡപത്ത് ഗ്രീഷ്മക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഏറെ നേരം ഗ്രീഷ്മയുമായി ചെലവിട്ട് മറ്റൊരു ബസിലാണ് പിന്നീട് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും ഗാഢമായ പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പിന്നീട് ഷാരോണിന്റെ ഇരുചക്രവാഹനത്തിലായി ഇരുവരുടെയും യാത്ര. ചില ദിവസങ്ങളിൽ ഇവർ ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രകൾ.
യാത്രയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഷാരോണിന്റെ ഫോണിൽ ഉണ്ടായിരുന്നു. അത്തരമൊരു യാത്രയിലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിൽ ഗ്രീഷ്മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ പ്രേരിപ്പിക്കുന്നത് വ്യക്തം. ഗ്രീഷ്മയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ബന്ധം അറിയുന്നത്. ബിഎ റാങ്ക് ഹോൾഡറായ ഗ്രീഷ്മ എംഎ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതോടെയാണ് വീട്ടുകാർ അന്വേഷിച്ചത്. എന്നാൽ, ബന്ധം അവസാനിപ്പിച്ചെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രണയം തുടർന്നു.
ഗ്രീഷ്മയെ ഷാരോൺ താലികെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്തിരുന്നതായി ഷാരോണിന്റെ അമ്മ പറയുന്നു. ജാതകദോഷം മറികടക്കാൻ താലികെട്ടാനും സിന്ദൂരം അണിയിക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാൽ, ജാതക ദോഷ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. നിലവിൽ കൊലപാതകത്തിന്റെ കാരണത്തിലേക്ക് ജാതകദോഷം നയിച്ചെന്ന ആരോപണത്തിന് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീഷ്മയെ താലികെട്ടിയതും സിന്ദൂരം അണിയിച്ചതും ഷാരോൺ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഷാരോണിന്റെ സഹോദരനും പറഞ്ഞു. മഞ്ഞച്ചരടിൽ കോർത്ത താലിയും സിന്ദൂരവുമണിഞ്ഞ് നിൽക്കുന്ന ഗ്രീഷ്മയുടെ ചിത്രങ്ങളും ഷാരോണിന്റെ ഫോണിലുണ്ട്. എന്നും വൈകീട്ട് താലിയും സിന്ദൂരവും അണിഞ്ഞ് നിൽക്കുന്ന ചിത്രം ഗ്രീഷ്മ ഷാരോണിന് അയച്ചു നൽകാറുണ്ടെന്നും വീട്ടുകാർ ആരോപിച്ചു.
ഇതിനിടെയാണ് ഗ്രീഷ്മക്ക് മറ്റൊരു വിവാഹലോചന വന്നത്. സെപ്റ്റംബറിലായിരുന്നു വിവാഹം നിശ്ചയിച്ചത്. പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റി. വിവാഹത്തിന് ഷാരോൺ തടസ്സമാകുമെന്ന കണക്കുകൂട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. എന്നാൽ, ജാതകദോഷം മാറ്റാനിയി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യമെന്ന് വീട്ടുകാർ ആരോപിക്കുന്നു.
പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസിൽ ഗ്രീഷ്മ പ്രതിയായതോടെ ആ ഞെട്ടലിലാണ് ഗ്രീഷ്മയുടെ നാട്ടുകാര്‍. പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് അടുത്തുള്ളവരുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. അയല്‍ക്കാര്‍ക്ക് എപ്പോഴും ഗ്രീഷ്മ നന്നായി പഠിക്കുന്ന, നല്ല പെരുമാറ്റമുള്ള കുട്ടിയാണ്. ആ കുട്ടി ഇത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ് ഉണ്ടായി ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഷരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത് ശ്രീനിലയത്തില്‍ വച്ചാണ്.
വലിയ ഞെട്ടലിലാണ് ഗ്രീഷ്മയുടെ നാട്ടുകാര്‍. തീര്‍ച്ചയായും വിശ്വസിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് ഗ്രീഷ്മയുടെ ബന്ധുവായ അനീഷ്. ഗ്രീഷ്മയുടെ കുടുംബവുമായി സംഭവത്തിന് ശേഷം സംസാരിച്ചിട്ടില്ലെന്ന് നാട്ടുകാരന്‍ കൂടിയായ ഇദ്ദേഹം പറയുന്നു. ‘ആ കുട്ടി ഇത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ’ എന്നാണ് ഇദ്ദേഹം പറയുന്നത്.
ഷാരോണിന്റെ മരണ സമയത്ത് ഗ്രീഷ്മയുടെ വീട്ടുകാർ പറഞ്ഞത് ഒരുതെറ്റും ചെയ്യാത്ത ഞങ്ങളെ ക്രൂശിക്കുകയാണ് എന്നും മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നുവെന്നുമാണ് ഗ്രീഷ്മയുടെ വീട്ടുകാര്‍ ആദ്യം പ്രതികരിച്ചത് എന്നാണ് ഒരു നാട്ടുകാരന്‍ പറയുന്നത്.