അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ടോടെ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ വിയോഗ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
40 ദിവസത്തെ ദുഃഖാചരണ വേളയില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും ഫെഡറല്‍, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.
പ്രസിഡന്റിന്റെ വിയോഗത്തില്‍ യുഎഇയിലേയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലേയും ലോകത്തേയും ജനങ്ങളോട് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി വാം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ വലിയ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. 2004 നവംബര്‍ മൂന്ന് മുതല്‍ അദ്ദേഹം യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
1966 ഓഗസ്റ്റില്‍ അബുദാബിയുടെയും കിഴക്കന്‍ പ്രവിശ്യകളുടെയും ഭരണാധികാരിയുടെ പ്രതിനിധിയായാണ് ശൈഖ് ഖലീഫ ഔദ്യോഗിക രംഗത്തേക്ക് കടന്നുവരുന്നത്. 1969 ഫെബ്രുവരി ഒന്നിന് അദ്ദേഹം അബുദാബിയുടെ കിരീടാവകാശിയായി ചുമതലയേറ്റു. തുടര്‍ന്ന് അബുദാബി പ്രധാനമന്ത്രിയായും യു.എ.ഇ. പ്രതിരോധമന്ത്രിയായും യു.എ.ഇ. ഉപപ്രധാനമന്ത്രിയായും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനായും വിവിധ കാലയളവുകളില്‍ വിവിധ കാലയളവുകളില്‍ സേവനമനുഷ്ഠിച്ചു. രാഷ്ട്രപിതാവിന്റെ വിയോഗത്തിനുശേഷം 2004 നവംബര്‍ മൂന്നിനാണ് അദ്ദേഹം യു.എ.ഇ.യുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
1948 സെപ്റ്റംബർ ഏഴിനാണ് അബൂദബി എമിറേറ്റിലെ കിഴക്കൻ പ്രവിശ്യയായ അൽഐനിൽ ശൈഖ് സായിദിന്‍റെ മൂത്ത മകനായി ശൈഖ് ഖലീഫ ജനിച്ചത്. ശൈഖ ഹസ്സയാണ് മാതാവ്.