ചെന്നൈ: തിരുനെൽവേലി മണ്ഡലത്തിലെ സ്ഥാനാർഥിയും ബിജെപി തമിഴ്നാട് നിയമസഭാ കക്ഷി നേതാവുമായ നൈനാർ നാഗേന്ദ്രൻ എംഎൽഎയുടെ ഹോട്ടലിലെ ജീവനക്കാരെ 4 കോടി രൂപയുമായി താംബരം റെയിൽവേ സ്‌റ്റേഷനിൽ നിന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനാ സംഘം പിടികൂടി.
6 ബാഗുകളിൽ പണവുമായി നെല്ലൈ എക്സ്പ്രസിൽ തിരുനെൽവേലിയിലേക്കു പോകാൻ ഒരുങ്ങവേയാണു പിടിയിലായത്. കിൽപ്പോക്ക് ബ്ലൂ ഡയമണ്ട് ഹോട്ടലിന്റെ മാനേജർ സതീഷ്, ജീവനക്കാരായ നവീൻ, പെരുമാൾ എന്നിവരാണു പിടിയിലായത്യ
റോഡ് മാർഗം പോയാൽ പിടിക്കപ്പെടുമെന്ന സംശയത്തെ തുടർന്നു യാത്ര ട്രെയിനിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വെയിറ്റ് ലിസ്റ്റായതോടെ നൈനാർ നാഗേന്ദ്രൻ എംഎൽഎ സ്വന്തം ലെറ്റർ പാഡിൽ മൂന്നു പേർക്കും എമർജൻസി ക്വോട്ടസീറ്റിനായി ശുപാർശ ചെയ്ത് ദക്ഷിണ റെയിൽവേ അധികൃതർക്കു കത്തു നൽകി.
തിരഞ്ഞെടുപ്പു സമയത്ത് 3 പേരുടെ യാത്രയ്ക്ക് എംഎൽഎ ഇടപെട്ടതിൽ സംശയം തോന്നിയ റെയിൽവേ പൊലീസ് വിവരം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുകയായിരുന്നു. തുടർന്നു രഹസ്യ നീക്കത്തിലൂടെയാണ് എസ്7 കോച്ചിൽ നിന്നു മൂവരും പിടിയിലായത്.
സതീഷിന്റെ ഫോൺ പരിശോധിച്ചതോടെ പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിച്ചു.നൈനാർ നാഗേന്ദ്രന്റെ അനുയായിയുടെ വീട്ടിൽ നിന്ന് 2 ലക്ഷം രൂപയും സമ്മാനങ്ങളും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽ ഇതു വരെ 192.65 കോടി രൂപയുടെ പണവും ആഭരണങ്ങളും ഉൾപ്പെടെ പിടിച്ചെടുത്തു.