‘വെറും പത്തുവയസുകാരനിൽ നിന്നും മോശം അനുഭവം ഉണ്ടായി’ ദുരനുഭവം തുറന്നുപറഞ്ഞ് ഇൻഫ്ളുവൻസർ
ബെംഗളൂരു: വെറും പത്തുവയസുള്ള പയ്യൻ മോശമായ രീതിയിൽ സ്പർശിച്ചെന്ന പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി രംഗത്ത്. രാത്രി പത്തുമണിക്കാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞുവരുമ്പോഴായിരുന്നു പത്തുവയസുകാരനിൽനിന്ന് മോശം അനുഭവം ഉണ്ടായതെന്ന് അവർ പറയുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഇൻഫ്ളുവൻസർ പകർത്തുകയും ചെയ്തു.
ജോലി കഴിഞ്ഞ് മടങ്ങിവരവേ ബി.ടി.എം ലേഔട്ടിൽ എത്തിയപ്പോൾ മൊബൈലിൽ വീഡിയോ എടുക്കുകയായിരുന്നു യുവതി. ഇതിനിടയിൽ എതിർവശത്തുനിന്നും സൈക്കിളിൽ വരികയായിരുന്ന പത്തുവയസുകാരൻ മോശമായി സ്പർശിക്കുകയായിരുന്നു. ഇത്തരത്തിലൊന്ന് തനിക്ക് ഇതിനുമുൻപുണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.
"വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോൾ എന്നെ കടന്ന് ഒരു സൈക്കിൾ മുന്നോട്ടുപോയി. എന്നാൽ ഉടൻതന്നെ ആ സൈക്കിൾ എനിക്കുനേരെ വന്നു. ആദ്യം ഞാൻ വീഡിയോ തുടങ്ങുന്നതിന് മുൻപ് ചെയ്യാറുള്ളതുപോലെ അവൻ അനുകരിച്ചു. പിന്നീടായിരുന്നു അതിക്രമം നടന്നത്." അവർ പറഞ്ഞു.
ഉടനെ അവൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു യുവതിയുടെ ഒച്ചകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പിടികൂടി. ഓടിക്കൂടിയവരിൽ പലരും കുട്ടിയല്ലേ എന്നുപറഞ്ഞ് വെറുതെവിടാൻ ആവശ്യപ്പെട്ടിരുന്നെന്ന് യുവതി വ്യക്തമാക്കി. എന്നാൽ ഈ സംഭവമെല്ലാം യുവതിയുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. അവിടെ കൂടിയിരുന്നവരെ ഈ വീഡിയോ കാണിച്ചപ്പോഴാണ് തന്നെ അവർ വിശ്വസിച്ചതെന്നും യുവതി പറയുന്നു. ആദ്യംമുതലേ തനിക്ക് ചിലർ പിന്തുണ നൽകിയിരുന്നെന്നും അവർ പറയുന്നു.