![](https://breakingkerala.com/wp-content/uploads/2022/05/v-d-satheeshan.jpeg)
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കേരളം വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമല്ലെന്നും എന്ത് സാഹചര്യത്തിലും കണക്കുകളുടെ അടിസ്ഥാനത്തിലുമാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളം. അത് മെച്ചപ്പെട്ട് വരേണ്ടതുണ്ട്. അതാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിന്റെ പുറത്ത്, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആ ലേഖനമെഴുതിയതെന്ന് ഞങ്ങള്‍ക്കറിയില്ല, വി.ഡി. സതീശന്‍ പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ മൂന്നരവര്‍ഷത്തില്‍ പുതിയതായി മൂന്ന് ലക്ഷം സംരഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. ഏതാണ് കേരളത്തിലെ മൂന്ന് ലക്ഷം സംരഭങ്ങളെന്ന് ഞാന്‍ അദ്ദേഹത്തോട് അത്ഭുതത്തോടെ ചോദിച്ചു. അങ്ങനെയെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി രണ്ടായിരം സംരഭങ്ങള്‍ തുടങ്ങിയിട്ടുണ്ടാകില്ലേ, വി.ഡി. സതീശന്‍ ചോദിച്ചു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായരംഗത്തെ അനുമോദിച്ചുള്ള പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും കേരളത്തിലെ ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍. ഇതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.
തരൂരിന്‍റെ പ്രസ്താവന സംബന്ധിച്ച് ദേശീയ നേതൃത്വം മറുപടി പറയണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടല്ല. കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ പറ്റുന്ന നിലപാടല്ല തരൂരിന്റേത്. തരൂർ ദേശിയ നേതാവും വിശ്വപൗരനും ആണ്. ഒരു സാധരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്റെ പ്രസ്താവയെ വിലയിരുത്താൻ ഇല്ലെന്നും മുരളീധരൻ പ്രതികരിച്ചു.