CrimeFeaturedHome-bannerKerala

മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികൾ അറസ്റ്റിൽ; ഒന്നാംപ്രതിയെ ഉടൻ നാട്ടിലെത്തിച്ചേക്കും

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാംപ്രതി.

പരപുരുഷബന്ധം ആരോപിച്ച് കലയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ എഫ്.ഐ.ആര്‍. 2009-ലെ ഒരുദിവസം പെരുമ്പുഴ പാലത്തില്‍വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം മറവുചെയ്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നോ എങ്ങനെയാണ് മൃതദേഹം മറവുചെയ്തതെന്നോ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതിനൊപ്പം കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മറ്റൊരു എഫ്.ഐ.ആറും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, അറസ്റ്റിലായ പ്രതികളുമായി ബുധനാഴ്ച തെളിവെടുപ്പുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളെന്ന് കരുതുന്ന ചില വസ്തുക്കളും ലോക്കറ്റും ഹെയര്‍ക്ലിപ്പും വസ്ത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഫൊറൻസിക് സംഘത്തിൻ്റെ വിശദപരിശോധനയും സ്ഥലത്ത് നടക്കും. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ് നടക്കുകയെന്നാണ് സൂചന.

അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കൊപ്പം സുരേഷ്‌കുമാര്‍ എന്നയാളെ കൂടി കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇയാളെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. കേസില്‍ ഒന്നാംപ്രതിയായ അനില്‍കുമാറിനെതിരേ നിര്‍ണായക സാക്ഷിമൊഴി നല്‍കിയതും ഇയാളാണ്. പെരുമ്പുഴ പാലത്തിന് മുകളില്‍വെച്ച് കാറിനുള്ളിലിട്ട് അനില്‍കുമാറാണ് കലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇയാളുടെ മൊഴി. കൃത്യം നടത്തിയശേഷം മൃതദേഹം മറവുചെയ്യാന്‍ അനില്‍കുമാര്‍ തന്റെ സഹായംതേടി. എന്നാല്‍, തനിക്ക് ഇതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു.

അതിനിടെ, കേസിലെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. അനില്‍കുമാര്‍ ഇസ്രയേലില്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനും കസ്റ്റഡിയിലെടുക്കാനും രണ്ടുമാസം മുന്‍പ് തന്നെ അന്വേഷണസംഘം നീക്കങ്ങള്‍ ആരംഭിച്ചിരുന്നതായാണ് വിവരം.

രണ്ടുമാസം മുന്‍പാണ് പോലീസിന് കൊലപാതകം സംബന്ധിച്ച് ഒരു ഊമക്കത്ത് ലഭിച്ചത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കലയുടെ തിരോധാനത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. അന്നുതന്നെ ഇസ്രയേലിലുള്ള അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിരുന്നതായാണ് സൂചന. ഒടുവില്‍ തെളിവുകളടക്കം കിട്ടിയതോടെ ഇയാളെ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് പോലീസിന്റെ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker