കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. മോൻസൻ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് ഒളിക്യാമറകളെ കുറിച്ചുള്ള നിർണായക വിവരങ്ങളും നൽകിയത്. മോൻസന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.
അതിനിടെ മോൺസൺ മാവുങ്കലിന്റെ സമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ഓം പ്രകാശിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഓം പ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാൻ മോൺസൺ ഇടപെട്ടിരുന്നു. കൊച്ചിയിലെ ഒരു എസിപിയുടെ സഹായം മോൻസൻ വഴി ഗുണ്ട നേതാവ് തേടിയിരുന്നു. ഈ ബന്ധമുപയോഗിച്ച് പണം നൽകി കേസ് ഒതുക്കിയെന്നാണ് കണ്ടെത്തൽ. കേസ് ഒതുക്കാൻ മോസനെ ഉപയോഗിച്ചെന്ന് ഓം പ്രകാശ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പോലീസിന് പണം നൽകിയിട്ടില്ലെന്നും കേസിൽ ജാമ്യം ലഭിച്ചതിനാൽ പണം നൽകേണ്ടി വന്നില്ലെന്നുമാണ് ഓം പ്രകാശിന്റെ മൊഴി.