തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ നഗരസഭ ജീവനക്കാരനെ കാണാതായി; തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ നഗരസഭയുടെ താൽക്കാലിക ജീവനക്കാരനായ ജോയിയെയാണ് (42) കാണാതായത്.തോട്ടിലെ ഒഴുക്കിൽപ്പെട്ടതായിരിക്കാമെന്നാണ് സംശയം. സംഭവസ്ഥലത്ത് ഫയർഫോഴ്‌സെത്തി ഇയാൾക്കായുളള തിരച്ചിൽ നടത്തിവരുന്നുണ്ട്.
റെയിൽവേ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ജോയി തോട് വൃത്തിയാക്കാനിറങ്ങിയതെന്നാണ് വിവരം. പ്ലാസ്റ്റിക് അടക്കം ധാരാളം മാലിന്യം കൂടികിടന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ മുതൽ തോട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. നാല് തൊഴിലാളികളായിരുന്നു ശുചീകരണത്തിനായി തോട്ടിലെത്തിയിരുന്നത്.
നഗരമധ്യത്തിലെ അധികം വെള്ളമില്ലാത്ത, മാലിന്യംനിറഞ്ഞ തോട്ടില്‍ ഒരു തൊഴിലാളി ഒഴുക്കില്‍പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തനം നീളുന്നു. വെള്ളം ഒഴുകിയെത്തുന്ന തുരങ്കസമാനമായ ഭാഗത്തെ മാലിന്യക്കൂമ്പാരവും വെളിച്ചത്തിന്റെയും വായുവിന്റെയും കുറവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. വലിയ വലകള്‍ എത്തിച്ച് മാലിന്യങ്ങള്‍ പുറത്തെടുത്ത ശേഷമേ കൂടുതല്‍ പരിശോധന നടത്താന്‍ കഴിയൂ എന്നതാണ് വെല്ലുവിളി.
കടുത്ത മഴയെ തുടര്‍ന്നു പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതായ ജോലിക്കാരനായ മാരായമുട്ടം സ്വദേശി ജോയിക്കു വേണ്ടിയാണ് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ എത്തി തിരച്ചില്‍ നടത്തുന്നത്. ഒഴുക്കില്‍പ്പെട്ടപ്പോള്‍ കയറിട്ടു കൊടുത്തെങ്കിലും ജോയിക്ക് അതില്‍പിടിച്ചു കയറാന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂന്നു പേരാണ് ശുചീകരണപ്രവര്‍ത്തനത്തിനായി എത്തിയത്. ജോയിയാണ് ഉള്ളിലിറങ്ങിയത്. അതിനിടെയാണ് മഴ ശക്തിയായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത്. ഇതോടെ നിലതെറ്റി ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ജോയി ഉറക്കെ വിളിച്ചതു കേട്ടു മുകളില്‍നിന്നവര്‍ കയറിട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വെള്ളം കുറഞ്ഞതോടെ സ്‌കൂബാ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാലിന്യങ്ങള്‍ നിറഞ്ഞ തോട്ടിലിറങ്ങി അതിനടിയിലൂടെ ഊളിയിട്ട് മുന്നോട്ടുപോയി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാകുകയായിരുന്നു. 180 മീറ്റര്‍ നീളമുള്ള തുരങ്കസമാനമായ ഭാഗത്ത് മാലിന്യം നിറഞ്ഞിരിക്കുന്നതും വെളിച്ചമില്ലാത്തതുമാണ് വെല്ലുവിളിയാകുന്നത്. തോടിനുള്ളിലെ മാലിന്യത്തില്‍ ചവിട്ടുമ്പോള്‍ ചതുപ്പില്‍ താഴ്ന്നു പോകുന്നതു പോലെയാണെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. തോടിനുള്ളിലെ മാലിന്യം മുഴുവന്‍ നീക്കിയുളള രക്ഷാപ്രവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്. കൂടുതല്‍ ജീവനക്കാരെ എത്തിച്ച് മാലിന്യനീക്കം ഊര്‍ജിതമാക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മാലിന്യങ്ങള്‍ നീക്കി മാത്രമേ തുരങ്കത്തിനുള്ളിലേക്കു കയറി പരിശോധന നടത്താന്‍ കഴിയൂ. നഗരസഭയുടെ താല്‍ക്കാലിക ജീവനക്കാരന്‍ അല്ല ഒഴുക്കില്‍പെട്ടയാളെന്നും മഴയുളളതിനാല്‍ ഇന്ന് ജോലി നടത്താന്‍ തീരുമാനിച്ചിരുന്നതല്ലെന്നും മാലിന്യം പൂര്‍ണമായി നീക്കുമെന്നും മേയര്‍ പറഞ്ഞു.