സ്കൂളിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ: ക്ലർക്ക് ലീവെടുത്തു; വിശദീകരിച്ച് പ്രിൻസിപ്പൽ
![](https://breakingkerala.com/wp-content/uploads/2025/02/venson.webp)
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ. ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താൻ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലർകിനോട് ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്സ്ആപ്പിൽ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലർക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ക്ലർകുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. ഇത് ശരിവച്ച് കാട്ടാക്കട എംഎൽഎ ജി സ്റ്റീഫനും രംഗത്ത് വന്നു.
റെക്കോർഡ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വിദ്യാർത്ഥിയും സ്കൂളിലെ ക്ലർക്കും തമ്മിൽ സംസാരം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് രക്ഷിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചത് കുട്ടിക്ക് വിഷമമായെന്ന് കരുതുന്നു. ആർടിഒ സ്ഥലത്തെത്തി. ആരോപണങ്ങൾ പൊലീസ് പരിശോധിക്കും. കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയടക്കം അധികൃതർ പരിശോധിക്കും. ബെൻസണിന്റെ റെക്കോർഡ് സീൽ ചെയ്തു കൊടുത്തില്ലെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളിൽ പബ്ലിക് എക്സാമിൻ്റെ ഭാഗമായുള്ള മോഡൽ എക്സാം നടക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറയുന്നു. ഏതു കുട്ടിയുടെ റെക്കോർഡ് ആണ് സീൽ ചെയാൻ പോയത് എന്നു ചോദിച്ചപ്പോൾ മറ്റൊരു കുട്ടിയുടെയാണെന്നാണ് പറഞ്ഞത്. ഇന്നലെ പ്രശ്നത്തിന് ശേഷം കുട്ടിയുടെ റെക്കോർഡ് സൈൻ ചെയ്ത് സീൽ ചെയ്തു. ഇന്ന് ക്ലർക്ക് ലീവ് ആണെന്ന് ഇന്നലെ രാത്രി വാട്സ്ആഫ്പിൽ അറിയിച്ചു.
സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. ക്ലർക്കും കുട്ടിയും തമ്മിൽ തർക്കം ഉണ്ടായതായി കുട്ടിയാണ് തന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളാണ് താൻ കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് അറിയിച്ചത്. ക്ലർക്കിനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. ക്ലർക്കിനോട് വിശദീകരണം ചോദിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.