നെന്മാറ ഇരട്ടക്കൊലപാതകം; നെന്മാറ എസ്എച്ച്ഒയ്ക്ക് പിഴവുണ്ടായെന്ന് എസ്‌പിയുടെ റിപ്പോർട്ട്
![](https://breakingkerala.com/wp-content/uploads/2025/01/chenthamara.webp)
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ എസ്എച്ച്ഒ എം മഹേന്ദ്ര സിംഹന് പിഴവ് സംഭവിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് എസ്എച്ച്ഒയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്. കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്.
ജാമ്യവ്യവസ്ഥ പ്രകാരം പ്രതി നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുത്. ഇത് ലംഘിച്ച് പ്രതി ഒരു മാസമാണ് ഇവിടെ താമസിച്ചത്. എന്നിട്ടും നെന്മാറ പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്നാണ് പാലക്കാട് എസ്‌പി ഉത്തരമേഖല ഐജിയ്ക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ജാമ്യ ഉത്തരവിൻ്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് നെൻമാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹൻ്റെ വിശദീകരണം. ഈ വിശദീകരണം എസ്‌പി തള്ളി. നേരത്തെയുള്ള ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ സ്റ്റേഷൻ പരിധിയിൽ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതിനാൽ വിശദീകരണം മുഖവിലക്കെടുക്കില്ല. സുധാകരനും മകളും പ്രതിക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
അതേസമയം ചെന്താമരയെ ഇനിയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. വിവിധ ജില്ലകളിലായി പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയാണെന്ന സംശയത്തിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ചെന്താമരയെന്ന് പേരുള്ള ഒരാളെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. പ്രതിയുടെ ഫോൺ തിരുവമ്പാടിയിൽ ഓൺ ആയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അവിടെയും പരിശോധന നടക്കുന്നുണ്ട്.