കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മ കുറ്റവിമുക്ത
തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയിൽ ഒടുവിൽ അമ്മയ്ക്ക് നീതി. തിരുവനന്തപുരം പോക്സോ കോടതി കേസിൽ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി. 13കാരനായ മകനെ അമ്മ മൂന്ന് വർഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കേസിൽ അമ്മയ്ക്കെതിരായി ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് നേരത്തെ ഐജി അർഷിത അട്ടല്ലൂരിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ശനിയാഴ്ച പോക്സോ കോടതി ശരിവയ്ക്കുകയായിരുന്നു. അമ്മയ്ക്കെതിരായ നിയമ നടപടികൾ കോടതി അവസാനിപ്പിക്കുകും ചെയ്തു.
പരാതി വ്യാജമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെതിരേ അമ്മയുടെ ഭർത്താവ് നൽകിയ ഹർജികൂടി പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം പോക്സോ കോടതിയുടെ ഉത്തരവ്.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മകന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുക്കുകയും 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒരുമാസത്തോളം ഇവർ ജയിലിൽ കിടന്നു.പിന്നീട് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കാനെത്തിയത്. തുടർന്നാണ് അമ്മയ്ക്കെതിരേ മകൻ നൽകിയ പരാതിയും മൊഴിയും കെട്ടിച്ചമച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.