തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
മനു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ എടുത്തുവെന്നും ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും മനു സ്വന്തം ഫോണില്‍ എടുക്കുന്നത് പതിവായിരുന്നു. ബോഡി ഷെയ്പ്പ് അറിയാനായി ബി.സി.സി.ഐക്കും കെ.സി.എയ്ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ കെ.സി.എയോ ബി.സി.സി.ഐയോ ഇത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാറില്ല. നഗ്നചിത്രങ്ങള്‍ ബി.സി.സി.ഐയ്ക്കും കെ.സി.എയ്ക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിയും ഇയാള്‍ പെണ്‍കുട്ടികള്‍ക്കുനേരെ മുഴക്കിയിരുന്നു.
പെണ്‍കുട്ടിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് വെളിപ്പെടുത്തി. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുട്ടി നിലവിളിച്ചപ്പോൾ ബലമായി പിടിച്ചുനിര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഉപദ്രവിച്ചു.
പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നുവെന്ന് പിതാവ് പറയുന്നു. തെങ്കാശിയില്‍ കൊണ്ടുപോയാണ് ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചത്. ഒരു പെണ്‍കുട്ടി രാവിലെ എഴുന്നേറ്റപ്പോള്‍ മനുവിന്റെ മുറിയിലാണെന്ന് തിരിച്ചറിഞ്ഞു. തലേദിവസം രാത്രി മയക്കുമരുന്ന് നല്‍കിയാണ് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ആറ് പെണ്‍കുട്ടികളാണ് നിലവില്‍ മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ മനു റിമാന്‍ഡിലാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണംചെയ്തെന്നാണ് വിവരം. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.
മൂന്നാഴ്ച മുന്‍പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതിവന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. ഇതുവരെ ആറ് പെണ്‍കുട്ടികളുടെ പരാതികളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെങ്കാശിയില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയെത്തിയും പോലീസ് അന്വേഷണം നടത്തിയിരുന്നു.
‘ബി.സി.സി.ഐ.യ്ക്ക് ശരീരഘടന കാണണം’; നഗ്‌നചിത്രങ്ങളും പകര്‍ത്തി…
പെണ്‍കുട്ടികളെ തെങ്കാശിയിലേക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെവെച്ചും മനു ലൈംഗികമായി ചൂഷണംചെയ്തെന്നാണ് മൊഴി. തെങ്കാശിയിലെ ഹോട്ടലില്‍വെച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇതിനുപുറമേ നെറ്റ് പ്രാക്ടീസിനിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുന്നതും പതിവാണെന്നും പരാതികളില്‍ പറയുന്നു.
ക്രിക്കറ്റ് സെലക്ഷനായി ബി.സി.സി.ഐ.യ്ക്ക് ശരീരഘടന വ്യക്തമാകുന്ന ചിത്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. സെലക്ഷന് വേണ്ടി ‘ബോഡി ഷേപ്പ്’ അറിയണമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. നിരന്തരം ഇത്തരം നഗ്‌നചിത്രങ്ങള്‍ വാങ്ങി പ്രതി മൊബൈല്‍ഫോണുകളില്‍ സൂക്ഷിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.