മികച്ച താരം മെസ്സി, ആരാധകർ അർജന്റീന; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പാരീസ്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. പാരീസില്‍ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്‌.

മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി.

2016 മുതലാണ് ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പി.എസ്.ജി. താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News