തേങ്കുറിശിലും പാഠം പഠിക്കാതെ പോലീസ്! മിശ്രവിവാഹിതനായ യുവാവിന് നേരെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആക്രമണം; മൂന്നു തവണ വധശ്രമമുണ്ടായിട്ടും അടിപിടി കേസായി ഒതുക്കി

പാലക്കാട്: പാലക്കാട് നടന്ന ദുരഭിമാന കൊലപാതകത്തിന് ശേഷവും അതേ ജില്ലയില്‍ സമാനമായ അവസ്ഥ നേരിടുന്ന യുവാവിന്റെ ജീവന് സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് പരാതി. പാലക്കാട് മങ്കരയില്‍ മിശ്രവിവാഹിതനായ യുവാവിന് നേരെയാണ് ഭാര്യവീട്ടുകാരുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മൂന്ന് തവണ ആക്രമണം നടത്തിയിരിക്കുന്നത്.

പോലീസില്‍ പരാതി നല്‍കിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. മങ്കര സ്വദേശി അക്ഷയ് ആണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്യുടെയും സുറുമിയുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ബൈക്കില്‍ പോകുമ്പോള്‍ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവന്‍ന്മാര്‍ ഉള്‍പ്പെടെ ആറിലധികംപേര്‍ ചേര്‍ന്നാണ് അക്ഷയ്യെ ആക്രമിച്ചത്.

മുഖത്തിനും കാലിനും പരുക്കേറ്റെങ്കിലും കൊല്ലാനെത്തിയവരില്‍ നിന്ന് അല്‍ഭുതകരമായി അക്ഷയ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മങ്കര പോലീസില്‍ പരാതി നല്‍കിയെങ്കിലും രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച് പോലീസ് കേസ് അവസാനിപ്പിച്ചു.

മൂന്നാമത്തെ ആക്രമണമായിട്ടും വധശ്രമത്തിന് പോലും പോലീസ് കേസെടുത്തില്ലെന്നാണ് അക്ഷയ് പരാതിപ്പെടുന്നത്. കൈയ്യോ കാലോ ജീവന്‍ തന്നെയോ നഷ്ടപ്പെട്ടിട്ട് കേസെടുക്കാനല്ല തനിക്ക് സുരക്ഷയാണ് പോലീസില്‍ നിന്നും വേണ്ടതെന്ന് അക്ഷയ് പറയുന്നു. പോലീസ് ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടെന്ന് സുറുമിയും പറയുന്നു.

അതേസമയം, പാലക്കാട് തേങ്കുറുശ്ശിയില്‍ അനീഷെന്ന യുവാവിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ ശേഷവും പോലീസ് തുടരുന്ന നിഷ്‌ക്രിയ ഭാവം വലിയ വിമര്‍ശനത്തിനാണ് കാരണമാകുന്നത്. ഇതൊക്കെ വെറും അടിപിടി കേസാണെന്നാണ് പോലീസ് വാദമെന്ന് കുടുംബം ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News