തിരുവനന്തപുരം: മദ്യത്തിന്‍റെ വില അടുത്തമാസം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ നിര്‍മ്മിത മദ്യമായ ജവാന്‍റെ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോയും സര്‍ക്കാറിനെ സമീപിച്ചു.ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് വില.നികുതി കുറയ്ക്കാതെ 600 രൂപ വിലയുള്ള ഒരു ലീറ്റര്‍ ജവാന്‍ മദ്യത്തിനു പത്തു ശതമാനം വിലവര്‍ദ്ധിപ്പിച്ചാല്‍ 60 രൂപ കൂടി കൂടുമെന്നാണ് റിപ്പോർട്ട്. വിലവര്‍ദ്ധനാ ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെ വര്‍ദ്ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
ലിറ്റര്‍ 57 രൂപയായിരുന്ന സ്പിരിറ്റ് 67 ലേക്കെത്തിയതോടെ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ബെവ്കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ, വില വര്‍ദ്ധിക്കുമെന്നുറപ്പായി. വില വര്‍ദ്ധന എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന മുറുകുന്നത്. ഇനിയും വില വര്‍ദ്ധിപ്പിച്ചാല്‍ വ്യാജമദ്യം കൂടുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍.
അതുകൊണ്ടു തന്നെ മദ്യത്തിനു വില വര്‍ദ്ധിപ്പിച്ച്, വില വര്‍ദ്ധന ഉപഭോക്താക്കളിലെത്താതെ നികുതി കുറയ്ക്കുകയെന്ന ആശയവും ബലപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റം നിർമ്മിക്കുന്നത്. നിലവില്‍, ഒരു കുപ്പി മദ്യത്തിനു മേല്‍ 237 ശതമാനം നികുതിയാണ് ഈടാക്കുന്നത്.
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം രണ്ടാഴ്ചയായി മദ്യവില്‍പനശാലകളില്‍ വന്‍ പ്രതിസന്ധിയാണ്.750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ് . ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്‍റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിലകൂട്ടാത്തതിനാലാണ് മദ്യ വിതരണം കമ്പനികള്‍ കുറച്ചത്