ഉമ തോമസ് ‘ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു’; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്‍റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേഷൻ എത്ര ദിവസം തുടരണെ എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എംഎൽഎയുടെ ആരോഗ്യ സ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടർ ചികിത്സകൾക്കുള്ള തീരുമാനങ്ങളെടുക്കും. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മൃദംഗവിഷൻ എംഡി അടക്കം അഞ്ച് പേരെ പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ, ഓസ്കാർ ഇവന്റ് ചുമതലക്കാരൻ ജിനേഷ് കുമാർ എന്നിവരോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു.
അതേസമയം, നൃത്തപരിപാടിയുടെ സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരെ കാണുന്നത്. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും.