KeralaNews

കരുവന്നൂർ ബാങ്ക്‌: അനധികൃത വായ്പയ്ക്ക് സമ്മർദം ചെലുത്തിയവരിൽ മന്ത്രി രാജീവുമെന്ന് ഇ.ഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഹൈക്കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധ വായ്പ അനുവദിക്കുന്നതില്‍ മന്ത്രി പി.രാജീവ് അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെന്ന് മൊഴി ലഭിച്ചതായി ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു. അനധികൃത വായ്പയ്ക്ക് സിപിഎം നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്ന് ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ മൊഴിനല്‍കിയെന്നാണ് ഇ.ഡി. സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.

എറണാകുളം ജില്ല സെക്രട്ടറി ആയിരുന്നപ്പോള്‍ പി.രാജീവ് ഇടപെട്ടതായാണ് ഇ.ഡിക്ക് മൊഴി ലഭിച്ചത്. എ.സി മൊയ്തീന്‍, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ പ്രധാന പാര്‍ട്ടി നേതാക്കള്‍ക്കെതിരെതിയും സുനില്‍കുമാറിന്റെ മൊഴിയുണ്ട്.

കരുവന്നൂരില്‍ നിയമവിരുദ്ധ വായ്പയിലൂടെ പൊതുജനങ്ങളുടെ പണം തട്ടിയെടുക്കുന്നതില്‍ സിപിഎമ്മിന് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇ.ഡി. സത്യവാങ്മൂലത്തില്‍ പറയുന്നു. പണം തട്ടിയെടുക്കുന്നതിനും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനും ആഴത്തിലുള്ള ഗൂഢാലോചന നടന്നു.

അംഗത്വമില്ലാതെ പാര്‍ട്ടി കമ്മിറ്റി അക്കൗണ്ടുകള്‍ ബാങ്കില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഭൂമി വാങ്ങുന്നതിനും പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണത്തിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കും സുവനീറുകള്‍ക്കുമടക്കം പണം കണ്ടെത്തുന്നതിനാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത്.

ഇതിലൂടെയുള്ള പണമൊഴുക്ക് അന്വേഷിക്കുകയാണ്. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ഈ ഇടപാടുകളില്‍ പങ്കാളികളാണെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പങ്കുള്ളയാള്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡി.യോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പി.രാജീവ് അടക്കമുള്ളവര്‍ക്കെതിരെ ഇ.ഡി. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button