CrimeFeaturedKerala

‘സീനിയേഴ്‌സിനെ ബഹുമാനമില്ല’; ഹോസ്റ്റലിലെ കൊടുംക്രൂരത; ശരീരത്തിൽ കുത്തി മുറിവാക്കി,വായിൽ ക്രീം തേച്ചു

കോട്ടയം: മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ നേരിട്ടത് അതിക്രൂരമായ റാഗിങ്. മൂന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാര്‍ഥികളെ നഗ്നരാക്കി ഡിവൈഡര്‍ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോള്‍ വായില്‍ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

നഴ്‌സിങ് കോളേജിലെ ജനറല്‍ നഴ്‌സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസില്‍ ഗാന്ധിനഗര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം റാഗിങ്ങിനിരയായി.

കഴിഞ്ഞ നവംബര്‍ 16-ാം തീയതി പ്രതികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയില്‍നിന്ന് 300 രൂപ ഗൂഗിള്‍ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. ഇതിനുശേഷം ഒന്നാംവര്‍ഷവിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുന്നതിനിടെ പ്രതികള്‍ ഇവിടേക്കെത്തുകയും ‘സീനിയേഴ്‌സിനെ ബഹുമാനമില്ല’ എന്നുപറഞ്ഞ് വിദ്യാര്‍ഥികളിലൊരാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഡിസംബര്‍ 13-ാം തീയതിയാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് പ്രതികളില്‍നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. അന്നേദിവസം അര്‍ധരാത്രി പ്രതികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മുറിയിലെത്തി കൈയും കാലും തോര്‍ത്തുകൊണ്ട് കെട്ടിയിട്ടു. തുടര്‍ന്ന് ദേഹം മുഴുവന്‍ ലോഷന്‍ ഒഴിച്ചശേഷം ശരീരമാസകലം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാംവര്‍ഷ വിദ്യാര്‍ഥിയോട് മൊബൈലില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതികള്‍ പരാതിക്കാരില്‍നിന്ന് സ്ഥിരമായി പണം പിരിച്ചിരുന്നു. പണം തരാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവര്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മുട്ടുകുത്തി നിലത്തുനിര്‍ത്തിയ ശേഷമാണ് കവിളിലടക്കം ക്രൂരമായി മര്‍ദിച്ചതെന്നും പോലീസ് പറയുന്നു.

ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗത്ത് ഡംബല്‍ കെട്ടിത്തൂക്കിയും പ്രതികള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. മദ്യപിക്കാനായാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് ഊഴമിട്ട് പണം പിരിച്ചെടുത്തിരുന്നത്. സീനിയേഴ്‌സിനെ പേടിച്ച് വിദ്യാര്‍ഥികള്‍ പണം നല്‍കുകയായിരുന്നു.

അതേസമയം, പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈലുകളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

സംഭവമറിഞ്ഞത് ഇന്നലെ, കോളേജില്‍നിന്ന് അധ്യാപകന്‍ വിളിച്ചതോടെയാണ് ക്രൂരമായ റാഗിങ്ങിന്റെ വിവരമറിഞ്ഞതെന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളിലൊരാളുടെ പിതാവ്

”ഞങ്ങള്‍ ഇടുക്കിയിലാണ് താമസം. കോട്ടയത്ത് പഠിക്കുന്ന മകന് എല്ലാമാസവും ചെലവിന് പൈസ അയച്ചുകൊടുക്കും. മകന്‍ ഒന്നും പറഞ്ഞിരുന്നില്ല. പേടിച്ചിട്ടായിരിക്കാം കുട്ടി ഒന്നും പറയാതിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് ടീച്ചര്‍ വിളിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. പരാതി പോലീസിന് കൈമാറിയിട്ടുണ്ടെന്നും പോലീസ് നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മകനെ വിളിച്ചപ്പോഴും പപ്പ വരേണ്ട, പോലീസ് നടപടിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. പൈസ പിടിച്ചുവലിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മകന്‍ പറഞ്ഞു. പ്രിന്‍സിപ്പലാണ് പോലീസിന് പരാതി കൊടുത്തത്”, പിതാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker