സ്കൂളിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ;ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം
![](https://breakingkerala.com/wp-content/uploads/2025/02/relative.webp)
തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ്‌വൺ വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം. പ്രൊജക്ട് സീൽ ചെയ്യാൻ ചെന്നപ്പോൾ ക്ലർക്ക് പരിഹസിച്ചുവെന്ന് വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു.’മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല. കൊല്ലപ്പെട്ട എന്ന് പറയണം. ഇന്നലെ ഈ സ്‌കൂളിലെ ഒരു ക്ലർക്കിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ പെരുമാറ്റമുണ്ടായി. അങ്ങനെയാണ് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്.
ഇവർക്ക് റെക്കാർഡ് വയ്‌ക്കേണ്ട ദിവസമായിരുന്നു ഇന്നലെ. ആ റെക്കാർഡ് വയ്ക്കണമെങ്കിൽ സ്‌കൂളിന്റെ സീൽ വേണമത്രേ. നമ്മളൊക്കെ പഠിക്കുമ്പോൾ അതൊന്നുമില്ലല്ലോ. അദ്ധ്യാപകൻ സീൽ ചെയ്തുവരാൻ കുട്ടികളെ ഓഫീസിലേക്ക് അയച്ചു.
ആ ക്ലർക്കിനോട് സീൽ ചെയ്ത് തരാൻ പറഞ്ഞപ്പോൾ പിള്ളേരെ കളിയാക്കുന്ന, അവഗണിക്കുന്ന രീതിയിൽ പെരുമാറി. സീൽ എടുത്തോട്ടെ സാർ എന്ന് ചോദിച്ചപ്പോൾ നിന്റെ അപ്പന്റെ വകയാണോടാ സീൽ എന്ന് ചോദിച്ചു. ഇത് പബ്ലിക്കായി പറയുമ്പോൾ ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ ഉള്ളിൽ ഒരു തീ കത്തുന്നുണ്ട് അതുകൊണ്ട് പറയുകയാണ്. ഇത് മോൻ അവന്റെ അമ്മയായ എന്റെ സഹോദരിയോട് പറഞ്ഞതാണ്. ക്ലർക്ക് മാത്രമല്ല ഈ സ്‌കൂളിലെ പല അദ്ധ്യാപകരും ഇവനെ ഹരാസ് ചെയ്തിട്ടുണ്ട്. അവനെ സമാധാനിപ്പിക്കുന്ന രക്ഷിതാക്കളാണ് ഞങ്ങൾ. അതിനുകിട്ടിയ ട്രോഫിയാണിത്.’- വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു.
കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ബെൻസൺ എബ്രഹാമാണ് മരിച്ചത്. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ബെൻസൺ എബ്രഹാം വീട്ടിൽ നിന്നിറങ്ങിയത്. ജിമ്മിൽ പോകുന്ന പതിവ് ജെൻസണ് ഉണ്ടായിരുന്നു. അവിടെ ഉണ്ടാകുമെന്ന ധാരണയിലായിരുന്നു വീട്ടുകാർ. രാത്രി ഏറെ സമയം കഴിഞ്ഞും കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും ബെൻസണെ കണ്ടെത്താനായില്ല. സംശയം തോന്നി രാവിലെ ആറ് മണിയോടെ ബന്ധുക്കൾ സ്കൂളിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ടോയ്‌ലറ്റിന് സമീപം തൂങ്ങിമരിച്ചനിലയിലായിരുന്നു. അതേസമയം, സംഭവം നടന്ന് ഇത്രയും സമയമായിട്ടും പ്രിൻസിപ്പൽ സ്ഥലത്തെത്താതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.