വില കുറഞ്ഞ മദ്യത്തിനു ക്ഷാമം; വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിനു കാരണം. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തേ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും എക്സൈസ് കമ്മിഷണർ നിർദേശം നൽകി.
കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തും ഉള്ളത്. കേരളത്തിൽ സ്പിരിറ്റ് ഉൽപാദനം ഇല്ല. ഒരു മാസം മുന്‍പുവരെ ഒരു ലീറ്റർ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലീറ്ററിനു 53 രൂപ വരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലായി. ഒരു കെയ്സ് മദ്യം ഉൽപാദിപ്പിക്കാൻ ഉൽപാദകർക്ക് 60 രൂപ കൂടുതൽ വേണ്ടിവരും. സംസ്ഥാന സർക്കാര്‍ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിനായി 57 രൂപയ്ക്കാണ് ഒരു ലീറ്റർ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലീറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.
സ്പിരിറ്റിനു ക്ഷാമം നേരിടുന്നുണ്ടെന്ന് ബവ്കോ എംഡി എസ്.ശ്യാം സുന്ദർ ഐപിഎസ് പറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിനു മാത്രമാണ് ക്ഷാമം ഉള്ളതെന്നും മറ്റുള്ള മദ്യത്തിനു ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. വിലകൂട്ടണം എന്നാവശ്യപ്പെട്ട് വിലകുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുന്ന കമ്പനികൾ സർക്കാരിനെ സമീപിച്ചു.