ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധ നടപികള്‍ക്കായി ഏര്‍പ്പെടുത്തിയ ആഴ്ചകള്‍ നീണ്ട ലോക്ക് ഡൗണിനുശേഷം കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് ഒന്ന് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.രോഗവ്യാപനം ഏറെയുള്ള നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് ഉപാധികളോടെ ഷോപ്പിങ് മാള്‍, ആരാധനാലയങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവ തുറക്കും. സിനിമാ ഹാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, വിനോദപാര്‍ക്കുകള്‍, തിയറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍ എന്നിവ അടുത്ത ഘട്ടത്തില്‍ തുറക്കുമെന്നാണ് സൂചന. തീവ്രവ്യാപന മേഖലകള്‍ 30 വരെ അടച്ചിടും.
പുരി ജഗനാഥ ക്ഷേത്രത്തില്‍ ജൂലൈ നാലുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ആന്ധ്രയിലെ തിരുപ്പതിക്ഷേത്രം, മധ്യപ്രദേശിലെ മഹാകാലേശ്വര്‍ ക്ഷേത്രം, പഞ്ചാബിലെ സുവര്‍ണക്ഷേത്രം എന്നിവ തുറക്കും. ഡല്‍ഹി ജമാമസ്ജിദും ഹൈദരാബാദ് മക്കമസ്ജിദും തുറക്കും. ഗോവയില്‍ തല്‍ക്കാലം ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലെന്നാണ് വിവിധ മതനേതൃത്വങ്ങളുടെ തീരുമാനം.പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങള്‍ തുറക്കുന്നതിനും തീരുമാനമായിട്ടുണ്ട്.