KeralaNews

ബസ് ഓടിച്ചത് യദു തന്നെ’ഇപ്പോൾ ഓർമ്മ തിരിച്ചു കിട്ടിക്കാണും’ എന്ന് നടി റോഷ്ന

കൊച്ചി:കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ താന്‍ നടത്തിയ ആരോപണം ശരിയെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ച് നടി റോഷ്ന റോയ്. താൻ പറഞ്ഞത് സത്യമാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് റോഷ്ന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. റിപ്പോർട്ട് കുറിപ്പിനൊപ്പം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജൂൺ 18ന് തിരുവനന്തപുരം ഡിപ്പോയിൽനിന്നു വഴിക്കടവിലേക്ക് യാത്ര തിരിച്ച ബസ് 19 നാണ് മടങ്ങിയത്. അന്ന് താൻ അപമാനിക്കപ്പെട്ട സംഭവം റോഷ്‌ന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നടി നേരിടേണ്ടി വന്നത്.

‘ദൈവത്തിന് നന്ദി. കൂടെ നിന്നവർക്കൊക്കെ ഒരുപാട് നന്ദി. ഈ ഒരു തെളിവു മാത്രം മതി. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ …. എനിക്കു ഉണ്ടായ ഒരു വിഷയം ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും. ഇനിയും ന്യായീകരിക്കാൻ വരുന്നവരോട് എനിക്കൊന്നും പറയാനില്ല.

രാഷ്ട്രീയപരമായി കാണാതെ ഇതു ഒരു സാധാരണ റോഡിൽ നടന്ന വിഷയമായി ആലോചിക്കു…. ഒരു ആളെ ഒരു കാര്യവുമില്ലാതെ അസഭ്യം പറഞ്ഞു വണ്ടിയിൽ കയറി പോകുന്നതിനോട് നിങ്ങൾക്ക് നല്ല അഭിപ്രായം ആണെങ്കിൽ, പിന്നെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല’, റോഷ്ന കുറിച്ചു.

കെഎസ്ആർടിസി ഡ്രൈവറോടു റോഡിൽ തർക്കിച്ച സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനങ്ങളും സൈബർ ആക്രമണവും ഉണ്ടാകുന്നതിനിടെയാണ് ഡ്രൈവർ യദുവിൽ നിന്ന് മോശം അനുഭവമുണ്ടായ സംഭവം റോഷ്ന വെളിപ്പെടുത്തുന്നത്. മലപ്പുറത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് കുന്നംകുളത്ത് വച്ച് യദു തന്നോട് അശ്ലീല സംഭാഷണം നടത്തിയതെന്ന് റോഷ്ന ആരോപിച്ചത്.

എന്നാൽ ഇത്രയും നാളും എന്തുകൊണ്ട് സംഭവം പുറത്ത് പറഞ്ഞില്ല എന്നും മേയർ ആര്യ രാജേന്ദ്രനെ സഹായിക്കുകയാണ് എന്നുമാണ് നടിക്കെതിരെ ഉണ്ടായ വിമർശനം. തുടർന്ന് നടിയുമായി അങ്ങനെ ഒരു വിഷയം ഉണ്ടായിട്ടില്ലെന്നും വഴിക്കടവ് സര്‍വീസ് നടത്തിയതായി ഓര്‍മയില്ലെന്നും ഡിപ്പോയില്‍ പരിശോധിച്ചാലേ അറിയാൻ കഴിയൂ എന്നും യദു മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button