CrimeKeralaNews

സെല്‍ഫി കുടുക്കി, യുവതിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി; ‘മണവാളൻ’ സജി അറസ്റ്റിൽ

മാവേലിക്കര:  മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കൽ സജികുമാർ (47) ആണ് അറസ്റ്റിലായത്. വിവാഹ വെബ്സൈറ്റിലെ പരസ്യം കണ്ട് യുവതികളെ വിളിച്ച് അടുപ്പം സ്ഥാപിച്ച സശേഷം തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.  മണവാളൻ സജി എന്ന് വിളിപ്പേരുള്ള സജിയെ  മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് പൊക്കിയത്. കഴിഞ്ഞ ദിവസം കോട്ടയം നാട്ടകത്തു നിന്നാണ് പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ടാണ് സജി മാവേലിക്കര സ്വദേശിനിയെ ബന്ധപ്പെടുന്നത്.  ഉയർന്ന ജോലിയിണ്ടെന്നും നല്ല സാമ്പത്തിക  നിലയിലാണെന്നുമാണ് സജി യുവതിയോട് പറഞ്ഞത്. നിരന്തരം ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്ന സജി ഒരു ദിവസം  തന്റെ ആഡംബര കാർ അപകടത്തിൽപെട്ടെന്നും നന്നാക്കാനായി രണ്ടര ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയോട് അറിയിച്ചു. ഉടനെ തിരികെ തരാമെന്ന് പറഞ്ഞതോടെ മാവേലിക്കര സ്വദേശിനി സജിയ്ക്ക് പണം അയച്ചുകൊടുത്തു.

എന്നാല്‍ പണം ലഭിച്ചതിന് പിന്നാലെ സജി യുവതിയുമായുള്ള കോണ്ടാക്ട് അവസാനിപ്പിച്ചു. ഫോണ്‍വിളിയും മെസേജുകളും നിലച്ചതോടെയാണ് യുവതി പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഓൺലൈനിൽ മാത്രം വിളിച്ചിരുന്ന പ്രതിയെ യുവതി നേരിൽ കണ്ടിരുന്നില്ല.  ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സജിയെ കിട്ടാതായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ സൗഹൃദം സ്ഥാപിച്ച സമയത്തു  സജി തനിക്ക് അയച്ച് നല്‍കിയ സെല്‍ഫി യുവതി  പൊലീസിന് കൈമാറി. ഈ സെല്‍ഫിയില്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടാണ് കേസിലെ സുപ്രധാന തെളിവായി മാറിയത്.  

സെല്‍ഫിയിലെ ടീ ഷര്‍ട്ടിലെ  രേഖപ്പെടുത്തിയ ഹോട്ടലിന്റെ  പേരാണd പ്രതിയെ  കണ്ടെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.  ടീ ഷര്‍ട്ടിലെ  പേരിലുള്ള ഹോട്ടൽ കണ്ടെത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍  സജി  നാട്ടകം സ്വദേശിനിയായ യുവതിക്കൊപ്പം കോട്ടയത്ത്  താമസിക്കുകയാണെന്നു കണ്ടെത്തി. ഇവിടെയെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരിശോധനയില്‍ ഇയാളുടെ പക്കൽ നിന്നും രണ്ട് തിരിച്ചറിയൽ രേഖകള്‍ പൊലീസ് കണ്ടെത്തി. ഇതിലൊന്നില്‍ എറണാകുളം കോതമംഗലം രാമനെല്ലൂർ കാഞ്ഞിക്കൽ  വീട് എന്നാണ് അഡ്രസ് രേഖപ്പെടുത്തിയിരിക്കുന്നത്.  അതേസമയം  സജി സമാന രീതിയില്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ  വിവാഹത്തട്ടിപ്പ് നടത്തിയതായാണു പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button