കൊച്ചി: അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും കാനുമായി തിരികെ വീട്ടിലേക്ക് കയറുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അപകടമുണ്ടായ കിടപ്പുമുറിയില്‍നിന്ന് പെട്രോള്‍ കാനും ലഭിച്ചിട്ടുണ്ട്.
മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ്. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും സൂചനകളില്‍ നിന്നാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. രാസപരിശോധനാഫലം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.
ജൂണ്‍ എട്ടിനാണ് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് നാലുപേര്‍ വെന്തുമരിച്ചത്. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‌വിന്‍ (5) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം.
മരിച്ച നാലുപേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാര്‍ഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകള്‍നിലയില്‍നിന്ന് ശബ്ദം കേട്ടത്. ചിന്നമ്മ ഉടന്‍ ജോലിക്കാരനായ നിരഞ്ജന്‍ കുണ്ഡലയെ വിളിച്ചുണര്‍ത്തി. ഇരുവരുംചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്നു. പത്രക്കെട്ട് എടുക്കാനായി ഇതുവഴിപോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയല്‍വാസികളെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. നാട്ടുകാരെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായി. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)