രാഹുല്‍ വീണ്ടും ഹത്രാസിലേക്ക്; വാഹനം ഓടിക്കുന്നത് പ്രിയങ്ക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്രാസിലേക്ക് യാത്ര തിരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുല്‍ ഡല്‍ഹിയില്‍ നിന്നും യുപിയിലേക്ക് പുറപ്പെട്ടത്. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് ടൊയോട്ട ഇന്നോവ കാര്‍ ഓടിക്കുന്നത്.

കാറിന്റെ മുന്‍സീറ്റിലാണ് രാഹുല്‍. സംഘത്തില്‍ കോണ്‍ഗ്രസ് എംപിമാരും ഉണ്ട്. ഡല്‍ഹി- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നാഹമാണ് ഇരുവരെയും കാത്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കൂടാതെ നിരവധി കമ്പനി പോലീസുമുണ്ട്.

ഇത് രണ്ടാം തവണയാണ് ഇരുവരും ഹത്രാസിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. ശശി തരൂരടക്കം ഉള്ള നേതാക്കള്‍ ഒപ്പമുണ്ട്. രണ്ട് ദിവസം മുന്‍പ് ഹത്രാസ് സന്ദര്‍ശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പോലീസ് തടഞ്ഞിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്.

അതേസമയം ഉത്തര്‍പ്രദേശ് ഡിജിപി ഹത്റാസിലെത്തി. പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്നുണ്ട്. മൂന്ന് കാറുകളിലായാണ് സംഘം സന്ദര്‍ശനത്തിനെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News