തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടിയെക്കുറിച്ച് പരിശോധിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയപ്പോള്‍ ആരും പൂച്ചെണ്ട് നല്‍കിയില്ല. ജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ തോല്‍വി അനാഥമാണ്. മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും ഇങ്ങനെ ആക്രമിക്കാന്‍ താനെന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

മധ്യകേരളത്തില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടായത് ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ടല്ല. ജോസ് വിഭാഗത്തെ യുഡിഎഫ് ഒഴിവാക്കിയതല്ല. അവര്‍ സ്വയം പുറത്തുപോയതാണ്. ന്യൂനപക്ഷ വോട്ടുകളില്‍ വലിയ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും.

ആര്‍എംപിയുടെ വിമര്‍ശനങ്ങള്‍ക്കും കെപിസിസി അധ്യക്ഷന്‍ മറുപടി നല്‍കി. ആര്‍എംപിക്ക് തന്നെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ടി.പി.ചന്ദ്രശേഖരന്റെ വധം എല്ലാ മേഖലയിലും ചര്‍ച്ചയാക്കിയത് താനാണെന്നും അത് മറക്കരുതെന്നും മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News