ന്യൂഡൽഹി:കോവിഡ് കുട്ടികൾക്കും പിടിപെടാമെന്നും എന്നാൽ ഇവരിൽ ഇതിന്റെ ആഘാതം കുറവായിരിക്കുമെന്നും കേന്ദ്രസർക്കാർ.’കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ ഒന്നുകിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല, അല്ലെങ്കിൽ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. സാധാരണനിലയിൽ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരില്ല’- നിതി ആയോഗ് അംഗം വി.കെ.പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.
കുട്ടികൾ ഈ അണുബാധയിൽനിന്ന് മുക്തമല്ല. അവർക്കും രോഗം ബാധിക്കാം. എന്നാൽ കുട്ടികളിൽ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും കുട്ടികൾക്കിടയിലെ അണുബാധയെക്കുറിച്ച് വിശദീകരിച്ച ഡോ. പോൾ പറഞ്ഞു.
കുട്ടികളിലെ കോവിഡ് ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും പക്ഷേ അവരെ രോഗം പടരുന്നതിന്റെ ഭാഗമാകാൻ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണും ഡോ. പോൾ കൂട്ടിച്ചേർത്തു.
ചില വസ്തുതകൾ നമുക്ക് മുന്നിൽ വ്യക്തമാണ്. കുട്ടികൾക്ക് രോഗം വരാം, മാത്രമല്ല അവ ഒരു പരിധിവരെ ബാധിക്കുകയും ചെയ്യാം. കുട്ടികൾക്കിടയിലെ അണുബാധ താരതമ്യേന കുറവാണെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഉദാഹരണത്തിന്, ഡിസംബർ-ജനുവരി സിറോ സർവേ കുട്ടികളിലും മുതിർന്നവരിലും ഉള്ള സിറോ പോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് ഒരുപോലെയാണ്- ‘ഡോക്ടർ പോൾ പറഞ്ഞു.
ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആശുപത്രി പ്രവേശനത്തിന്റെ 3-4 ശതമാനം കുട്ടികളാണെന്ന് പറഞ്ഞ അദ്ദേഹം 10 നും 12 നും ഇടയിൽ പ്രായമുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും കൂട്ടിച്ചേർത്തു.