റിയോ ഡി ജനൈറോ:കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ച് ചിലി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. അർജന്റീനയ്ക്കായി നായകൻ ലയണൽ മെസ്സിയും ചിലിയ്ക്ക് വേണ്ടി എഡ്വാർഡോ വർഗാസും ഗോൾ നേടി. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ ചിലിയാണ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. മികച്ച പാസുകളുമായി ചിലി കളം നിറഞ്ഞു. എന്നാൽ പതിയെ അർജന്റീന കളിയിൽ സജീവമായി. ആദ്യ പത്തുമിനിട്ടിൽ ഇരുടീമുകൾക്കും ഒരു ഗോളവസരം പോലും സൃഷ്ടിക്കാനായില്ല.
11-ാം മിനിട്ടിൽ അർജന്റീനയുടെ മാർട്ടിനെസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 15-ാം മിനിട്ടിൽ അർജന്റീനയുടെ ഗോൺസാലെസിന്റെ മികച്ച ഒരു ഷോട്ട് ചിലിയൻ ഗോൾകീപ്പർ ബ്രാവോ തട്ടിയകറ്റി. തൊട്ടുപിന്നാലെ താരത്തിന് വീണ്ടും ഒരു സുവർണാവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
26-ാം മിനിട്ടിൽ ചിലിയുടെ മെനെസിസ് ഒറ്റയ്ക്ക് മുന്നേറി ഷോട്ടുതിർത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലേക്ക് ഉരുണ്ടുപോയി. 32-ാം മിനിട്ടിൽ ലോ സെൽസോയെ ബോക്സിന് വെളിയിൽ വെച്ച് എറിക്ക് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.
ഫ്രീകിക്കെടുത്ത നായകൻ ലയണൽ മെസ്സിയ്ക്ക് പിഴച്ചില്ല. 33-ാം മിനിട്ടിൽ മെസ്സിയുടെ ഇടംകാലിൽ നിന്നും കുതിച്ച പന്ത് ഗോൾകീപ്പർ ബ്രാവോയ്ക്ക് ഒരു സാധ്യതയും നൽകാതെ പോസ്റ്റിന്റെ വലത്തേ മൂലയിൽ പതിച്ചു. അതിമനോഹരമായ ഫ്രീകിക്കിലൂടെ മെസ്സി രാജ്യത്തിനായി നേടുന്ന 73-ാം ഗോളായിരുന്നു ഇത്.
https://twitter.com/Breakingkerala2/status/1404555538478764034?s=19
പിന്നാലെ 38-ാം മിനിട്ടിൽ മാർട്ടിനെസിന് വീണ്ടും തുറന്ന അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ മാർട്ടിനെസിന്റെ മികച്ച മുന്നേറ്റത്തിലൂടെ 52-ാം മിനിട്ടിൽ മെസ്സിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളായില്ല. പിന്നാലെ കൗണ്ടർ അറ്റാക്കിലൂടെ ചിലി അർജന്റീന ഗോൾമുഖത്തേക്ക് ഇരച്ചുകയറി. ബോക്സിനകത്തുവെച്ച് ആർതുറോ വിദാലിനെ ഫൗൾ ചെയ്തതിന് ചിലിയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു.
57-ാം മിനിട്ടിൽ വിദാൽ തന്നെ പെനാൽട്ടി കിക്കെടുത്തു. എന്നാൽ വിദാലിന്റെ കിക്ക് ഉജ്ജ്വലമായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റി. എന്നാൽ പന്ത് നേരെയെത്തിയത് എഡ്വാർഡോ വർഗാസിന്റെ അടുത്തേക്കാണ്. അനായാസമായി പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്ത് വർഗാസ് ചിലിയ്ക്കായി സമനില ഗോൾ നേടി.
ഗോൾ വഴങ്ങിയതോടെ അർജന്റീന കൂടുതൽ ആക്രമിച്ചു കളിച്ചു. 70-ാം മിനിട്ടിൽ മെസ്സിയുടെ മികച്ച ഒരു ലോങ്റേഞ്ചർ ബ്രാവോ തട്ടിയകറ്റി. 79-ാം മിനിട്ടിൽ മെസ്സിയുടെ മികച്ച പാസ്സിലൂടെ ഗോൾ നേടാനുള്ള അവസരം ഗോൺസാലസിന് ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ ബോക്സിന് മുകളിലൂടെ പറന്നു. അർജന്റീന ആക്രമിച്ച് കളിച്ചപ്പോൾ കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടാനാണ് ചിലി ശ്രമിച്ചത്. എന്നാൽ ഇരുടീമുകൾക്കും രണ്ടാം ഗോൾ നേടാൻ സാധിക്കാത്തതിനാൽ മത്സരം സമനിലയിൽ കലാശിച്ചു.