കാവി ബിക്കിനി കത്തിപ്പടരുന്നു,ലോകകപ്പ് ഫൈനല്‍കാണാന്‍ ഖത്തറിന് പറന്ന് ദീപിക പദുകോണ്‍

മുംബൈ: പത്താൻ സിനിമയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സംഘടനകൾ ഉയർത്തിയ വിവാദങ്ങൾക്ക് പിന്നാലെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. അതിനിടെ, ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി നടി ഖത്തറിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കായി മുംബൈ വിമാനത്താവളത്തിൽ എത്തവേ ഫോട്ടോഗ്രാഫർമാരുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘മാം, മെസ്സി കെ സാഥ് ഏക് ഫോട്ടോ ലേകെ ഡാൽ ദോ, ഹം ബഹുത് ബഡേ ഫാൻ ഹൈ’ (മാഡം, മെസ്സിയുടെ കൂടെ ഒരു ഫോട്ടോ എടുത്ത് ഇടാമോ, ഞങ്ങൾ അദ്ദേഹത്തിന്റെ വലിയ ആരാധകരാണ്) എന്നാണ് പാപ്പരാസി ഫോട്ടോഗ്രാഫർ വീഡിയോയിൽ ചോദിക്കുന്നത്. ചോദ്യത്തോട് ആദ്യം പുഞ്ചിരിച്ച ദീപിക, പിന്നീട് ‘ബതാ തീ ഹൂം (പറയാം)’ എന്ന് മറുപടി നൽകുകയായിരുന്നു.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന് മുമ്പോടിയായി, ലോകകപ്പ് ട്രോഫി ദീപിക അനാവരണം ചെയ്യുമെന്നാണ് കായിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നേരത്തെ, ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലും ബോളിവുഡ് സാന്നിധ്യമുണ്ടായിരുന്നു. നടി നോറ ഫത്തേഹി അവതരിപ്പിച്ച നൃത്തപരിപാടിയാണ് ശ്രദ്ധ നേടിയിരുന്നത്.

അർജന്റീനയും ഫ്രാൻസും തമ്മിൽ ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് ഫൈനൽ. ഫ്രഞ്ച് നിരയിൽ റഫേൽ വരാനെ, ഇബ്രാഹിം കൊനാട്ടെ, കിങ്സ്ലി കോമാൻ തുടങ്ങിയ താരങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇവർ വെള്ളിയാഴ്ച നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. പരിക്കിനെ തുടർന്ന് മൊറോക്കോയ്ക്കെതിരെയുള്ള സെമി ഫൈനലിൽ അഡ്രിയൻ റാബിയട്ട്, ദയോട്ട് ഉപമെകാനോ എന്നിവർ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് കൂടുതൽ താരങ്ങൾക്ക് അനാരോഗ്യം റിപ്പോർട്ടു ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News