3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷം ടോള്‍ഫ്രീ യാത്ര; പുതിയ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : ദേശീയപാതകളിലെ ടോള്‍ പിരിവിന് ഫാസ്റ്റാഗ് അധിഷ്ഠിത വാര്‍ഷിക പാസ് സംവിധാനം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരി. 3000 രൂപ അടച്ച് ഒരു വര്‍ഷത്തെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന പദ്ധതി 2025 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ദേശീയ പാതകളില്‍ ചെലവ് കുറഞ്ഞ യാത്രയ്ക്ക് സഹായകമാകുന്നതിനായി ഈ വാര്‍ഷിക പാസ് സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, കാറുകള്‍ ജീപ്പുകള്‍ വാനുകള്‍ തുടങ്ങിയ പ്രൈവറ്റ് നോണ്‍ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 യാത്രകള്‍ അനുവദിക്കുന്നതാണ് വാര്‍ഷിക പാസ് സംവിധാനം. കേന്ദ്ര സര്‍ക്കാരിന്റെ രാജ്മാര്‍ഗ് യാത്ര ആപ്പുകളുടെ സഹായത്തോടെയോ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ വൈകാതെ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

60 കിലോമീറ്റര്‍ ഇടവിട്ട് ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ നീക്കം. ഹൈവേകളില്‍ ഒറ്റ ഇടപാടിലൂടെ ടോള്‍ പേമെന്റ് സാധ്യമാകുമെന്നും ഇതുവഴി ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ദശലക്ഷക്കണക്കിന് സ്വകാര്യ വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച യാത്ര ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി അവകാശപ്പെടുന്നു.

ഹൈവേകളില്‍ തടസ്സമില്ലാതെയുള്ള യാത്രകള്‍ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ മാസമാണ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. 3000 രൂപയുടെ വാര്‍ഷിക പാസ് എടുക്കുന്ന വാഹനത്തിന് നാഷണല്‍ ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും അധിക ടോള്‍ നിരക്കുകള്‍ നല്‍കാതെ ഒരു വര്‍ഷത്തേക്ക് യാത്ര ചെയ്യാനാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വാര്‍ഷിക ടോള്‍ സംവിധാനം ആവശ്യമില്ലാത്തവര്‍ക്കായി നിലവിലെ ടോള്‍ പ്ലാസയിലെ നിരക്കിന് പകരമായി 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള സംവിധാനവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഹൈവേ യാത്രകള്‍ ആയാസരഹിതമാക്കുന്നതിനായി ലൈഫ് ടൈം ഫാസ്റ്റാഗ് സംവിധാനം മുമ്പ് മന്ത്രി നിര്‍ദേശിച്ചിരുന്നു. 30000 രൂപ നല്‍കി 15 വര്‍ഷത്തെ കാലാവധിയുള്ള ടോള്‍ സംവിധാനമായിരുന്നു അത്. വാര്‍ഷിക ടോള്‍ സംവിധാനത്തിന്റെ പ്രഖ്യാപനത്തോടെ ഇത് ഉപേക്ഷിച്ചതായാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News