തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ആളുകളെ കുറക്കാന്‍ തീരുമാനമായത്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിന്റെ വേദി തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയം തന്നെയാകും. ചടങ്ങില്‍ എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിശദീകരണം നല്‍കും.
കൊവിഡ് പ്രതിരോധത്തിനായി പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ 750 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും എന്നാണ് തീരുമാനം. ഇരുപതിന് വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏറ്റവും ലളിതമായി മുന്‍കരുതലുകളോടെ നടത്തണമെന്ന് പി.സി ജോര്‍ജ് പറഞ്ഞിരിന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പി.സി ജോര്‍ജിന്റെ പ്രതികരണം. കൊവിഡ് മഹാമാരി രൂക്ഷമായി നില്‍ക്കുന്ന ഈ അവസരത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തില്‍ പലവിധ ചര്‍ച്ചകള്‍ പുറത്ത് നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.- പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.