ന്യൂഡല്‍ഹി: ലൈംഗിക അതിക്രമത്തിന് ഇരയായതായി സ്ത്രീകള്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയോട് വെളിപ്പെടുത്തിയെങ്കില്‍ അദ്ദേഹം വിവരങ്ങള്‍ പോലീസിന് കൈമാറേണ്ടത് അത്യാവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ രാഹുല്‍ഗാന്ധി തയ്യാറാകാത്തപക്ഷം ഇരകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കലാപകാരികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് പറയപ്പെടുന്നത്. അതേക്കുറിച്ചും അദ്ദേഹം പോലീസിനെ അറിയിക്കണം.
ഇന്ത്യന്‍ ഭരണഘടനയില്‍ പൗരന്റെ കടമകളെപ്പറ്റി പറയുന്നത് രാഹുല്‍ വായിച്ചിട്ടില്ലേ ? സിആര്‍പിസിയെക്കുറിച്ച് രാഹുലിന് അറിയില്ലേ ? കുറ്റകൃത്യം നടന്നതായി അറിവ് ലഭിച്ചാല്‍ അക്കാര്യം പോലീസിനെ അറിയിക്കേണ്ടത് ഒരു പൗരന്റെ കടമയാണ്. അത് ചെയ്യാത്തയാളും കുറ്റവാളിയായി മാറും. രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത് അനുസരിച്ചാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഹെഗ്‌ലോത് ഡല്‍ഹി പോലീസിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. വളരെ മുതിര്‍ന്ന നേതാവായ ഗെഹ്‌ലോതിന് ഇതെല്ലാം അറിയുന്നതാണ്. എന്നാല്‍ ഡല്‍ഹി പോലീസിന്റെ നടപടിയെ അപലപിക്കണമെന്ന് രാഹുല്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തോട് ആവശ്യപ്പെട്ടുണ്ടാകാമെന്നും ശര്‍മ ആരോപിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന സ്ത്രീകളെപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്. സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ കോണ്‍ഗ്രസ് എം.പിയെ സന്ദര്‍ശിച്ച് നോട്ടീസ് കൈമാറിയത്. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ കുറച്ച് സമയം വേണമെന്ന് രാഹുല്‍ മറുപടി നല്‍കിയതായാണ് പുറത്തുവരുന്ന വിവരം.
നോട്ടീസ് രാഹുലിന്റെ ഓഫീസ് കൈപ്പറ്റിയെന്നും അദ്ദേഹത്തെ ചോദ്യംചെയ്ത് വിവരങ്ങള്‍ ശേഖരിക്കേണ്ടി വരുമെന്നുമാണ് പോലീസ് പറയുന്നത്. ദിവസങ്ങള്‍ നീണ്ട യാത്രക്കിടെ നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞകാര്യങ്ങള്‍ വെളിപ്പെടുത്തല്‍ കുറച്ച് സമയം വേണ്ടിവരുമെന്നുമാണ് രാഹുല്‍ പോലീസിനോട് പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം രാഹുലിന്റെ വസതിയിലെത്തി ലൈംഗിക അതിക്രമം സംബന്ധിച്ച പരാമര്‍ശത്തില്‍ വിവരങ്ങള്‍ ആരാഞ്ഞത്.